നിക്ഷേപകര്‍ കാത്തിരുന്ന റിലയന്‍സ് ജിയോയുടെ പ്രാരംഭ ഓഹരി വില്‍പ്പന പ്രഖ്യാപിച്ച് മുകേഷ് അംബാനി. അനുമതികള്‍ ലഭിച്ചാല്‍ 2026 ന്‍റെ ആദ്യ പകുതിയില്‍ ജിയോ വിപണിയിലെത്തുമെന്ന് അംബാനി വ്യക്തമാക്കി. റിയലന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ചെയര്‍മാന്‍റെ പ്രഖ്യാപനം. ജിയോയുടെ ഉപഭോക്താക്കള്‍ 50 കോടി പിന്നിട്ടെന്നും യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ജനസംഖ്യയെക്കാൾ കൂടുതലാണെന്നും അംബാനി പറഞ്ഞു. 

ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും റിലയന്‍സ് ജിയോയുടേത് എന്നാണ് വിലയിരുത്തല്‍. നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 52,000 കോടി രൂപയുടെ ഓഹരികളായിരിക്കും ജിയോ വിറ്റഴിക്കുക. അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഹ്യുണ്ടായ് ഇന്ത്യയുടെ ഐപിഒയെ മറികടക്കുന്ന റെക്കോര്‍ഡാകും ഇത്. 28,000 കോടി രൂപയുടേതായിരുന്നു ഹ്യൂണ്ടായിയുടെ ഐപിഒ. 

ഐപിഒയിലൂടെ മെറ്റ, ഗൂഗിള്‍ എന്നിവ ജിയോയിലെ പങ്കാളിത്തം വിറ്റൊഴിയാനാണ് സാധ്യത. 2020 തില്‍ ഏകദേശം 2000 കോടി ഡോളറിന്‍റെ നിക്ഷേപമാണ് കമ്പനികള്‍ നടത്തിയത്. 

ജിയോ ആരംഭിച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ഡിജിറ്റൽ ദാരിദ്ര്യം അവസാനിപ്പിക്കാനായെന്നും മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്ന രീതി മാറിയെന്നും അംബാനി പറഞ്ഞു. ജിയോ വന്നതോടെ രാജ്യത്ത് എവിടെ നിന്നും എവിടേക്കും വോയിസ് കോള്‍ സൗജന്യമാക്കി. ജിയോയിലൂടെ മൊബൈലില്‍ വിഡിയോ കാണാന്‍ ഇന്ത്യക്കാര്‍ക്ക് സാധിച്ചു. 

ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിലും ആധാർ, യുപിഐ തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും ജിയോ അടിത്തറ പാകി. ജിയോ ഇന്ത്യയ്ക്ക് പുറത്തേക്കും വളരുമെന്നും ജിയോ സാങ്കേതികവിദ്യകൾ ആഗോള വെല്ലുവിളികൾ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

2025 സാമ്പത്തിക വര്‍ഷത്തില്‍ ജിയോയുടെ വരുമാനം 1.28 ലക്ഷം കോടി രൂപയായിരുന്നു. ഇബിഐടിഡിഎ 64170 കോടിരൂപയിലെത്തി. പ്രഖ്യാപനം വന്നിട്ടും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 1.97 ശതമാനം നഷ്ടത്തില്‍ 1355 രൂപയിലാണ് നിലവില്‍ ഓഹരിയുടെ വ്യാപാരം.