ഓട്ടോ ഓഹരിയായ അശോക് ലെയ്‍ലാന്‍ഡിന്‍റെ വില 123.95 രൂപയിലേക്ക്. ചൊവ്വാഴ്ച 250.85 രൂപയ്ക്ക് ക്ലോസ് ചെയ്ത ഓഹരി നേര്‍ പകുതിയിലെത്തിയത്. പക്ഷേ വിപണയിലെ വീഴ്ചകൊണ്ടല്ല, ബോണസ് ഓഹരി നല്‍കാന്‍ കമ്പനിയെടുത്ത തീരുമാനാണ് ഓഹരിവിലയില്‍ ഇത്രവലിയ വ്യതിയാനമുണ്ടാക്കിയത്
അശോക് ലെയ്‍ലാന്‍ഡ് പ്രഖ്യാപിച്ച 1:1 ബോണസ് ഓഹരികളുടെ എക്സ് ബോണസ് ദിവസമാണ് ബുധനാഴ്ച. ബോണസ് ഓഹരി നല്‍കുമ്പോള്‍ അധികമായി ലഭിക്കുന്ന ഓഹരിക്ക് തുല്യമായി ഓഹരി വില ക്രമീകരിക്കപ്പെടും. ഓഹരി ഉടമകളുടെ ഹോൾഡിംഗുകളുടെ മൂല്യത്തെ ബാധിക്കാതെ ഓഹരി വിലയിൽ മാറ്റം വന്നതാണ് ഇന്ന് വിലയില്‍ കണ്ട വ്യത്യാസം.
അശോക് ലെയ്‍ലാന്‍ഡിന്‍റെ 1:1 ബോണസ് ഓഹരി പ്രകാരം കമ്പനിയുടെ ഒരു ഓഹരി കൈവശം വെയ്ക്കുന്നൊരാള്‍ക്ക് ഒരു ഓഹരി അധികമായി ലഭിക്കും. അതായത് കയ്യിലുള്ള ഓഹരി ഇരട്ടിയാകും. അതേസമയം ഓഹരി ഉടമയുടെ നിക്ഷേപമൂല്യം മാറുന്നില്ല, ഇതാണ് വില വ്യത്യാസപ്പെടാന്‍ കാരണം. ഇന്നലെ 250 രൂപ നിരക്കില്‍ 20 ഓഹരികള്‍ കയ്യിലുള്ളവരുടെ നിക്ഷേപ മൂല്യം 5000 രൂപയായിരിക്കും. ബോണസ് ഓഹരികളോടെ കയ്യിലുള്ള ഓഹരികള്‍ 40 എണ്ണമായി വര്‍ധിക്കും.
അതേസമയം പലര്‍ക്കും പോര്‍ട്ട്ഫോളിയോയില്‍ അധികമായി ലഭിക്കേണ്ട ഓഹരികള്‍ ലഭിച്ചിട്ടുണ്ടാകില്ല. ജൂലായ് 17 ഓടെ ബോണസ് ഓഹരികളുടെ അലോട്ട്മെന്‍റ് പൂര്‍ത്തിയാകുമെന്നും ജൂലായ് 18 ഓടെ ഇവയുടെ വ്യാപാരം ആരംഭിക്കുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലായ് 16 ന് എക്സ് ബോണസ് തീയതി വരെ പോര്‍ട്ട്ഫോളിയോയയില്‍ അശോക് ലെയ്‍ലാന്‍ഡ് ഓഹരികളുള്ളവര്‍ക്ക് ബോണസ് ഓഹരിക്ക് അര്‍ഹതയുണ്ട്. 2011 ശേഷം ആദ്യമായാണ് അശോക് ലെയ്‍ലാന്‍ഡ് ബോണസ് ഓഹരി അനുവദിക്കുന്നത്.
രാവിലെ 11.30 ഓടെ ഒരു ശതമാനം നഷ്ടത്തില്‍ 124.25 രൂപയിലാണ് ഓഹരിയുടെ വ്യാപാരം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)