കഴിഞ്ഞ വ്യാപാര ആഴ്ചയിലെ അവസാനം യുഎസ് ട്രേഡിങ് കമ്പനിയായ ജെയിന് സ്ട്രീറ്റിനെ വിപണിയില്‍ നിന്നും വിലക്കിയതായിരുന്നു പ്രധാന സംഭവം. ഇന്‍ഡക്സ് ഓപ്ഷന് ട്രേഡിങിലൂടെ കമ്പനിയുണ്ടാക്കിയ ലാഭം 36,671 കോടി രൂപയാണ്. ഇതില്‍ നടത്തിയ തിരിമറികളാണ് സെബി നടപടിക്ക് കാരണം. അതിന് പിന്നാലെ ഡെറിവേറ്റീവ് മാര്‍ക്കറ്റിലെ പുതിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് സെബി.
Also Read: ഓഹരി വിപണിയില്‍ തിരിമറി; ഇന്ത്യയില്‍ നിന്ന് യുഎസ് കമ്പനി 'അടിച്ചുമാറ്റിയത്' 36,500 കോടി! വിലക്ക്
ഇക്വിറ്റി ഡെറിവേറ്റീവ് മാർക്കറ്റില്‍ റീട്ടെയില്‍ ട്രേഡര്‍മാര്‍ വന്‍ നഷ്ടം നേരിട്ടെന്നാണ് സെബി കണ്ടെത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ട്രേഡര്‍മാരുടെ 91 ശതമാനവും ഇടപാടുകളിലും നഷ്ടം സംഭവിച്ചതായി സെബിയുടെ പഠനം വ്യക്തമാക്കുന്നു. 2024 ഡിസംബര്‍ മുതല്‍ 2025 മേയ് വരെയുള്ള ഇടപാടുകളാണ് പഠനത്തിലുള്ളത്.
ഇക്കാലയളവില്‍ 1,05,603 കോടി രൂപയുടെ നഷ്ടമാണ് ട്രേഡര്മാര്ക്കുണ്ടായത്. 2024 സാമ്പത്തിക വര്‍ഷത്തിലെ 74,812 കോടി രൂപയുടെ നഷ്ടം ഇത്തവണ 41 ശതമാനം വര്‍ധിച്ചു. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻ വിഭാഗത്തിൽ ട്രേഡ് ചെയ്യുന്ന വ്യക്തിഗത നിക്ഷേപകരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറവുണ്ടായി. എന്നാല്‍ രണ്ടു വര്‍ഷത്തെ കണക്കെടുത്താല്‍ 24 ശതമാനം വര്‍ധനവുണ്ടായെന്നും സെബി കണ്ടെത്തി.
ട്രേഡിങില്‍ നിന്നും റീട്ടെയില്‍ പങ്കാളിത്തം കുറയ്ക്കാന്‍ സെബി കൊണ്ടുവന്ന മാറ്റങ്ങള്‍ വിപണിയില്‍ ഫലിച്ചില്ലെന്നതാണ് ഉയര്‍ന്ന നഷ്ട കണക്ക് കാണിക്കുന്നത്. 2024 ഒക്ടോബറിലാണ് ഇന്‍ഡക്സ് ഓപ്ഷനില്‍ നിന്നും റീട്ടെയില്‍ പങ്കാളിത്തം കുറയ്ക്കാന്‍ സെബി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തേടി ചെറുകിട നിക്ഷേപകരില്‍ എഫ്ആന്ഡ്ഒ ഇടപാടുകള്‍ നടത്തി പണം നഷ്ടപ്പെടുത്തുന്നതാണ് സെബി നടപടിക്ക് കാരണം. ഇന്‍ഡക്സ് ഡെറിവേറ്റീവ് കരാറുകള്‍ക്കുള്ള മിനിമം തുക 5-10 ലക്ഷത്തില്‍നിന്ന് 15-20 ലക്ഷമാക്കിയത് അടക്കമായിരുന്നു മാറ്റങ്ങള്‍.