ദേശീയപാതകളില്‍ നിശ്ചിത ഭാഗത്ത് 50 ശതമാനം വരെ ടോള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ടണല്‍, പാലങ്ങള്‍, ഫ്ലൈഓവറുകള്‍ എന്നിവയുള്ള ദേശീയപാതകളിലാണ് ടോളില്‍ ഇളവ് ലഭിക്കുക. 2008 ലെ എൻഎച്ച് ഫീസ് നിയമങ്ങൾ പരിഷ്കരിക്കാൻ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം തീരുമാനിച്ചു. ടോൾ നിരക്കുകൾ കണക്കാക്കാൻ ഉപയോഗിക്കേണ്ട പുതിയ ഫോർമുലയും മന്ത്രാലയം പുറത്തിറക്കി. ഇതുവഴിയാണ് യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കുക.
നിര്‍മിതികള്‍ ഉൾക്കൊള്ളുന്ന ദേശീയപാതയുടെ ഒരു ഭാഗത്തിന്‍റെ ഉപയോഗത്തിനുള്ള ഫീസ് നിരക്ക് കണക്കാക്കുന്നത് ഇപ്രകാരമാണ്. നിര്‍മിതികളുടെ നീളം കുറച്ച് ദേശീയ പാതയുടെ ഭാഗത്തിന്‍റെ നീളത്തോട് നിര്‍മ്മിതികളുടെ നീളത്തിന്‍റെ പത്തിരട്ടി ചേര്‍ത്താണ് ദൂരം കണക്കാക്കുക. അല്ലെങ്കില്‍ ദേശീയ പാതയുടെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ചിരട്ടി എന്ന രീതി ഉപയോഗിക്കും. ഇതില്‍ ഏതാണ് കുറവ് അതായിരിക്കും ടോള്‍ ഫീസായി ഈടാക്കുക.
ഉദാഹരണമായി 40 കിലോമീറ്റര്‍ നീളമുള്ള ദേശീയപാതയില്‍ പാലങ്ങളോ തുരങ്കങ്ങളോ അടക്കമുള്ള നിര്‍മിതികള്‍ മാത്രമാണെങ്കില്‍ ദൂരം കണക്കാക്കുന്നത് ഇങ്ങനെയാണ്. നിര്‍മിതിയുടെ നീളത്തിന്‍റെ പത്തിരട്ടി (10*40) 400 കിലോമീറ്ററോ ആകെ ദൂരത്തിന്‍റെ അഞ്ചിരട്ടി (5*40) 200 കിലോ മീറ്ററോ. ഏറ്റവും കുറഞ്ഞ ദൂരമായി 200 കിലോമീറ്റര്‍ അടിസ്ഥാനമാക്കിയാണ് ഇവിടെ ടോള്‍ ഈടാക്കുക. ഇതുപ്രകാരം വാഹന യാത്രക്കാര്‍ക്ക് 50 ശതമാനം ഇളവ് ടോളില്‍ ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, ദേശീയ പാതകളിലെ നിര്‍മിതിക്ക് ഓരോ കിലോമീറ്ററിനും സാധാരണ ടോൾ നിരക്കിന്‍റെ പത്തിരട്ടിയാണ് യാത്രക്കാര്‍ നല്‍കേണ്ടി വരുന്നത്.