stock-split

TOPICS COVERED

ഓഹരി വിപണി നിരീക്ഷിക്കുന്നവര്‍ ശ്രദ്ധിച്ച കാര്യമാകും ബജാജ് ഫിനാന്‍സ് ഓഹരിയില്‍ സംഭവിച്ച വലിയ വ്യത്യാസം. ജൂണ്‍ 13 ന് 9334.15 രൂപ വിലയുണ്ടായിരുന്ന ഓഹരിയുടെ തിങ്കളാഴ്ചയിലെ വില 931 രൂപ. രണ്ട് വ്യാപാര ദിവസങ്ങള്‍ക്കിടെ 90 ശതമാനം കുറവാണ് ഓഹരി വിലയിലുണ്ടായത്. ബജാജ് ഫിനാന്‍സിലുണ്ടായ രണ്ട് കോര്‍പ്പറേറ്റ് നടപടികള്‍ കാരണമാണ് വില ഇടിഞ്ഞത്. കോര്‍പ്പറേറ്റ് നടപടികളുടെ റെക്കോര്‍ഡ് തീയതിയായിരുന്നു ജൂണ്‍ 16 ന് ഓഹരി വില ക്രമീകരിച്ചതോടെയാണ് വലിയ വ്യത്യാസം കണ്ടത്. 

Also Read: ജസ്റ്റ് വെയ്റ്റ്; സ്വര്‍ണ വില 25% കുറയും; പ്രവചനം ; 50,000 രൂപയിലെത്തുമോ?

ബജാജ് ഫിനാന്‍സ് 4:1 അനുപാതത്തിലാണ് അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. ബജാജ് ഫിനാന്‍സിന്‍റെ ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് നാല് ഓഹരികള്‍ ലഭിക്കും. മറ്റൊന്ന് ഓഹരി വിഭജനമാണ്. 1:2 അനുപാതത്തിലാണ് ഓഹരി വിഭജനം. രണ്ട് രൂപ മുഖവിലുള്ള ഓഹരി ഒരു രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി മാറുന്നതാണ് ഈ കോര്‍പ്പറേറ്റ് നടപടി. ഇതോടെ ഓഹരി വില അനുപാതികമായി കുറയും. 

കമ്പനികൾ ഓഹരികളായി ലാഭവിഹിതം നൽകുന്നതാണ് ബോണസ് ഇഷ്യു. കമ്പനി അതിന്‍റെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം. ഉയർന്ന് നിൽക്കുന്ന ഓഹരി വില കുറയ്ക്കാനും ലിക്വിഡിറ്റി പ്രശ്നം പരിഹരിക്കാനും ഓഹരി വിഭജനം ഉപയോ​ഗിക്കാം.

100 ഓഹരി 100 ആകുന്നത് എങ്ങനെ

ഒരു ഓഹരിക്ക് നാല് ബോണസ് ഓഹരി ലഭിക്കുന്നതോടെ ആകെ അഞ്ച് ഓഹരികള്‍ കയ്യിലുണ്ടാകും. ഈ അഞ്ച് ഓഹരികള്‍ രണ്ടായി വിഭജിക്കുമ്പോള്‍ ഓഹരിയെണ്ണം പത്താകും. അതായത് ഒരു ഓഹരിയുള്ള നിക്ഷേപകന്‍റെ കയ്യില്‍ 10 ഓഹരികള്‍ എത്തും. ഇങ്ങനെ പത്ത് ഓഹരിയുള്ളൊരാള്‍ക്ക് 100 ഓഹരിയാണ് കോര്‍പ്പറേറ്റ് നടപടിയിലൂടെ ലഭിക്കുക. എന്നാല്‍ ഓഹരികള്‍ അധികമായി ലഭിക്കുന്നതിന് ആനുപാതികമായി ഓഹരി വില കുറയുന്നതിനാല്‍ നിക്ഷേപമൂല്യത്തില്‍ കുറവുണ്ടാകില്ല. ജൂണ്‍ 27 ന് ഓഹരി ബോണസ് ഓഹരിയും ഓഹരി വിഭജനവും പൂര്‍‍ത്തിയായി നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരികളെത്തും. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Don't panic about the 90% Bajaj Finance share price drop! It's due to a 4:1 bonus issue & 1:2 stock split on June 16 record date. Understand how these corporate actions impact your investment value and share count.