ഒരിക്കല്‍ മുകേഷ് അംബാനിയേക്കാളും സമ്പന്നനായിരുന്നു സഹോദരന്‍ അനില്‍ അംബാനി. എല്ലാ നഷ്ടപ്പെട്ടിടത്തു നിന്നും തിരിച്ചുവരവിലേക്ക് അടുക്കുകയാണ് അനിയന്‍ അംബാനി. കമ്പനികള്‍ കടരഹിതമാക്കുന്നതിലാണ് അംബാനിയുടെ ഇപ്പോഴത്തെ ശ്രദ്ധ. ഇതിനൊപ്പം മികച്ച ഓര്‍ഡറുകള്‍ കമ്പനിയിലേക്ക് എത്തുന്നതോടെ അംബാനി ഓഹരികള്‍ നിക്ഷേപ ശ്രദ്ധ നേടുകയാണ്. മികച്ച നേട്ടം നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് പവര്‍ ഓഹരികളാണ്.
Also Read: വിസ്കി വിൽക്കാൻ വിജയ് മല്യ തുടങ്ങിയ ആർസിബി; താരങ്ങളുടെ ശമ്പളം മുടങ്ങിയ ടീം; ഇന്ന് റിയൽ ചാംപ്യൻസ്
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 10 ശതമാനം നേട്ടമാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരിയിലുണ്ടായത്. ഒരു മാസത്തിനുള്ളിൽ ഓഹരി ഏകദേശം 60 ശതമാനം ഉയര്‍ന്നു. മൂന്നു മാസത്തെ കണക്കുനോക്കിയാല്‍ ഓഹരി വില ഏകദേശം ഇരട്ടിയായിട്ടുണ്ട്. രണ്ടു മാസത്തിനിടെ കാര്യമായ ദീര്‍ഘകാല കരാറുകളാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ നേടിയത്. ഇതിലൊന്നാണ് കഴിഞ്ഞ ദിവസം ഒപ്പിട്ട ജര്‍മന്‍ കമ്പനിയായ ഡീൽ ഡിഫൻസുമായുള്ള 10,000 കോടിയുടെ കരാര്‍.
ഇന്ത്യൻ സായുധ സേനയ്ക്കായി "സിസ്റ്റം വൾക്കാനോ 155 എംഎം പ്രിസിഷൻ ഗൈഡഡ് മ്യൂണിഷൻ" നിര്‍മിക്കുകയാണ് കരാറിന്‍റെ ലക്ഷ്യം. ഇതിനൊപ്പം റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ അനുബന്ധ കമ്പനിയായ മുംബൈ മെട്രോ വണ്ണിന് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) 1,169 കോടി രൂപ നല്‍കാനുള്ള മുംബൈ ഹൈക്കോടതി ഉത്തരവ് കമ്പനിക്ക് നേട്ടമായി. മുംബൈയിൽ വെർസോവ-ഘട്‌കോപ്പർ മെട്രോ ലൈൻ പ്രവർത്തിപ്പിക്കുന്നുന്ന കമ്പനിയാണ് മെട്രോ വണ്‍. കടക്കെണിയിലായ കമ്പനി ഈ തുക ഉപയോഗിച്ച് കടം തിരിച്ചടയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. നാലാം പാദ ഫലം പ്രകാരം റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ കടം തീര്‍ന്നിട്ടുണ്ട്. 3,300 കോടി രൂപയുടെ കടം കമ്പനി തീര്‍ത്തു എന്നാണ് പാദഫലത്തിലുള്ളത്. ലാഭം 4300 കോടി രൂപയാണ്.
Also Read: 3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടിന് ഇനി ചാര്‍ജ് നല്‍കേണ്ടി വരും? റിപ്പോര്‍ട്ട് പുറത്ത്
മറ്റൊന്ന് റിലയന്‍സ് പവറാണ്, ഒരു മാസത്തിനിടെ 70 ശതമാനത്തിലധികമാണ് വര്‍ധനയാണ് റിലയന്‍സ് പവറിന്‍റെ ഓഹരി വിലയിലുണ്ടായത്. എസ്ഇസിഐ കേസുമായി ബന്ധപ്പെട്ട് വിധിയും പുതിയ കരാറുകളമാണ് കമ്പനിക്ക് സഹായകമായത്. ഭൂട്ടാന്‍ കമ്പനിയായ ഡ്രൂക്ക് ഹോൾഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സുമായി റിലയന്‍സ് പവര്‍ പുനരുപയോഗ ഊർജ്ജ പങ്കാളിത്ത കരാറിലെത്തിയിരുന്നു. ഭൂട്ടാന്റെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിനായി 2,000 കോടി രൂപയുടെ സംയുക്ത സംരംഭമാണ് കരാറിന്‍റെ ലക്ഷ്യം. 500 മെഗാവാട്ട് പദ്ധതി ബിൽഡ്-ഓൺ-ഓപ്പറേറ്റ് (ബിഒഒ) മോഡലില്‍ 50:50 പങ്കാളിത്തിലാണ് നിര്‍മിക്കുക.
അനില്‍ അംബാനിയുടെ ആസ്തി
ഒരു കാലത്ത് ലോകത്തെ ആറാമത്തെ സമ്പന്നനായിരുന്നു അനില്‍ അംബാനി. 42 ബില്യണ്‍ ഡോളറായിരുന്നു 2008 ല്‍ അനിലിന്‍റെ ആസ്തി. കടവും നിയമയുദ്ധവും വിപണിയിലെ തകര്‍ച്ചയുമെല്ലാം ചേര്‍ന്നാതാണ് അനിലിന്‍റെ തകര്‍ച്ചയുടെ കാരണങ്ങള്‍. 2020 ല്‍ യുകെ കോടതി അനിലിനെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
2019 തില്‍ റിലയൻസ് കമ്മ്യൂണിക്കേഷൻസും 2021 ല്‍ റിലയൻസ് ക്യാപിറ്റലും പാപ്പരത്ത ഹർജി നൽകി. എറിക്സണിന് നൽകേണ്ട കുടിശ്ശികയുടെ പേരിൽ 2019 ൽ ജയിൽ ശിക്ഷയുടെ വക്കിലെത്തിയെങ്കിലും അവസാന നിമിഷം സഹോദരൻ മുകേഷ് അംബാനിയാണ് അനുജനെ ജാമ്യത്തിലിറക്കുന്നത്.
2010 ല്‍ 13.7 ബില്യണ്‍ ഡോളരായിരുന്നു അനില്‍ അംബാനിയുടെ ആസ്തി. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് 1.7 ബില്യണ്‍ ഡോളറായി ചുരുങ്ങിയിരുന്നു. 2025 മാര്‍ച്ചു പ്രകാരം അനില്‍ അബാനിയുടെ നിലവിലെ ആസ്തി 530 മില്യണ്‍ ഡോളറായാണ് കണക്കാക്കുന്നത്.