കഴുത്തോളം കടത്തിലാണ് പാക്കിസ്ഥാന്‍. സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ വരെയുള്ള പാക്കിസ്ഥാന്‍റെ കടം 76000 ബില്യണ്‍ പാക്ക് രൂപയാണ്. ഏകദേശം 23 ലക്ഷം കോടി ഇന്ത്യന്‍ രൂപയോളമാണിത്. ജൂലൈയില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മുന്നോടിയായിയുള്ള അവതരിപ്പിച്ച സാമ്പത്തിക സര്‍വെയിലാണ് ഇക്കാര്യമുള്ളത്. 51,500 ബില്യണ്‍ രൂപ ആഭ്യന്തര ബാങ്കുകളില്‍ നിന്നും 24,500 ബില്യണ്‍ വിദേശ കടവുമാണ്.
പാക്കിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതി എത്രത്തോളം മോശമാണോ അതിലേറെ പ്രതിസന്ധിയിലാണ് സാധാരണക്കാരുടെ ജീവിതം. ഇതിനൊരു ഉദാഹരണമാണ്, സാധാരണ ചുമട്ടുകാരുടെ ആശ്രയമായ കഴുതയുടെ തീവില. പാക്കിസ്ഥാന്‍റെ കടുത്ത ചൈനീസ് പ്രിയമാണ് ഈ വിലക്കയറ്റത്തിന് കാരണം.
കറാച്ചി മാര്‍ക്കറ്റില്‍ കഴുതയുടെ വില കുതിച്ചുയരുകയാണ്. എട്ടു വര്‍ഷം മുന്‍പ് വെറും 30000 രൂപയ്ക്ക് വാങ്ങിയിരുന്ന ആരോഗ്യമുള്ള കഴുതയ്ക്ക് ഇന്ന് ചെലവാക്കേണ്ടത് രണ്ട് ലക്ഷം രൂപയാണ്. പാക്ക് കഴുതയ്ക്ക് ചൈനീസ് ഡിമാന്‍ഡ് ഉയര്‍ന്നതോടെയാണ് രാജ്യത്ത് വിലയേറുന്നത്.
പാക്ക് സമ്പദ്‍വ്യവസ്ഥയിലെ പ്രധാനി
പാക്കിസ്ഥാനിലെ ഇഷ്ടിക ചൂളകൾ മുതല്‍ കൃഷി, അലക്കു ജോലികള്‍, പല വ്യവസായങ്ങൾ വരെ കഴുതകളെ ഉപയോഗിക്കുന്നുണ്ട്. പരുക്കൻ റോഡുകളിലൂടെ ഭാരം ചുമക്കാന്‍ പല പാക്ക് ഗ്രാമങ്ങളിലും ഇന്നും കഴുതകളെയാണ് ഉപയോഗിക്കുന്നത്. പ്രതിദിനം 1,500–2,000 രൂപ വരെ ഇത്തരത്തില്‍ സാധാരണക്കാര്‍ സമ്പാദിക്കുന്നുണ്ട്. ജോലിക്ക് മാത്രമായി 5.9 മില്യണ്‍ കഴുതകളെ പാക്കിസ്ഥാനില്‍ വളര്‍ത്തുന്നുണ്ട്.
ചൈനയുടെ ആവശ്യമെന്ത്
കഴുതയുടെ തൊലി ഉപയോഗിച്ചുള്ള മരുന്ന് നിര്‍മാണത്തിനാണ് ചൈനയ്ക്ക് പാക്കിസ്ഥാന്‍ കഴുതകളെ ആവശ്യം. എജിയാവോ എന്ന മരുന്ന് ക്ഷീണം അകറ്റാനും, പ്രതിരോധശേഷി മെച്ചപ്പെടുത്താനും, വിളർച്ച ചികില്‍സയ്ക്കുമാണ് ഉപയോഗിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ കഴുത ഫാമുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചൈനീസ് പ്രതിനിധി സംഘം പാക്കിസ്ഥാൻ ഭക്ഷ്യസുരക്ഷാ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫാമുകളുടെ പരിചരണത്തിന് പ്രാദേശിക തൊഴിലാളികളെ ഉപയോഗിക്കുന്നതിലൂടെ . പാകിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതാണ് ഈ ആശയം. ഈ പദ്ധതികൂടി നടപ്പിലായാല്‍ പാക്ക് കഴുതകള്‍ക്ക് ഇനിയും വിലയേറും.