വാങ്ങുക, മറന്നേക്കുക, ഓഹരി വിപണിയില്‍ ദീര്‍ഘകാല നിക്ഷേപകര്‍ പിന്തുടരുന്നൊരു തന്ത്രമാണിത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിക്ഷേപത്തിന്‍റെ മൂല്യത്തിലുണ്ടാകുന്ന വര്‍ധന അതിശയിപ്പിക്കുന്നതാണ്. ഒരു ലക്ഷം രൂപ ചെലവാക്കി 90 കളില്‍ വാങ്ങിയൊരു ഓഹരിയുടെ മൂല്യം അതിശയിപ്പിക്കുന്നതാണ്. കേട്ടാല്‍ ഞെട്ടിപ്പോകും.. 80 കോടി!. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നൊരു പഴയ ഓഹരി സര്‍ട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി സൗരവ് ദത്ത എന്നയാളാണ് എക്സില്‍ പോസ്റ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
1995 ല്‍ വാങ്ങിയ ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്‍റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിന് വാങ്ങിയ ഓഹരിയുടെ ഇന്നത്തെ മൂല്യം 80 കോടി രൂപയാണെന്നാണ് സൗരവ് ദത്ത കണക്കാക്കിയിരിക്കുന്നത്. ഇന്ന് വാങ്ങി 30 വര്‍ഷത്തിന് ശേഷം വില്‍ക്കുന്നതിന്‍റെ ശക്തിയാണിത് എന്നും സൗരവ് എഴുതി. ജെഎസ്‍ഡബ്ലു സ്റ്റീലിന്‍റെ ആദ്യരൂപമായ ജിൻഡാൽ വിജയനഗർ സ്റ്റീലിന്‍റെ ഒറിജിനൽ ഷെയർ സർട്ടിഫിക്കറ്റുകളുടെ ചിത്രം സഹിതമാണ് പോസ്റ്റ്. പിതാവ് വാങ്ങിയ ഓഹരി സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രം റെഡ്ഡിറ്റില്‍ നിന്നാണ് ലഭിച്ചതെന്നും കുറിപ്പിലുണ്ട്.
1990 കളില്‍ ഒരു ഓഹരിയില്‍ ഒരു ലക്ഷം നിക്ഷേപിക്കാനുള്ള തീരുമാനം പ്രധാനപ്പെട്ടതാണെന്ന് ഒരു കമന്‍റുണ്ട്. 10,000 രൂപ നിക്ഷേപിച്ചാലും ഇന്നത്തെ മൂല്യം എട്ടുകോടിയാകുമെന്ന് മറ്റൊരു കമന്‍റ് ഓര്‍മപ്പെടുത്തുന്നു. 1990 ലാണ് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്‍റെ ഐപിഒ നടന്നതെന്നും കമന്‍റിലുണ്ട്. 'നല്ല ബിസിനസുകളാണെങ്കില്‍ വിൽക്കാൻ തിരക്കുകൂട്ടരുത്. ഫണ്ടമെന്‍റലി ശക്തിയുള്ള കമ്പനികളാണെങ്കില്‍ വളരാന്‍ സമയം നല്‍കണം. സ്റ്റോക്ക് സ്പ്ലിറ്റുകളും ബോണസ് ഓഹരിയും ഡിവിഡന്‍റും ചേര്‍ന്ന് മികച്ച നേട്ടമാകും' എന്നാണ് ഒരു കമന്‍റ്.
1995 ലാണ് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന നടക്കുന്നത്. പിന്നീട് ജിന്‍ഡാല്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുമായി ലയിച്ച് 2005 ല്‍ ജെഎസ്‍ഡബ്ലു സ്റ്റീല്‍ രൂപീകരിക്കുകയായിരുന്നു. അന്ന് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്‍റെ ഒരു ഓഹരി കൈവശം വെച്ചവര്‍ക്ക് 16 ജെഎസ്‍ഡബ്ലു സ്റ്റീല്‍ ഓഹരികളാണ് ലഭിച്ചത്.