stock-market-trader

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് സമീപ കാലത്തുണ്ടായത്. ഇന്ന് 1,400 പോയിന്‍റോളമാണ് സെന്‍സെക്സ് ഇടിഞ്ഞത്. നിഫ്റ്റി 420 പോയിന്‍റ് ഇടിഞ്ഞ് 22,128 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയുടെ 2025 ലെ ഏറ്റവും വലിയ ഇടിവാണ് വെള്ളിയാഴ്ച ഉണ്ടായത്. ഇരുസൂചികകളും ഫെബ്രുവരിയില്‍ 6 ശതമാനമാണ് ഇടിഞ്ഞത്.  

സൂചികകളില്‍ ചുവപ്പ് പടരുമ്പോഴും ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരിയാണ് സനോഫി ഇന്ത്യ. ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഹെല്‍ത്ത്കെയര്‍ കമ്പനിയായ സനോഫിയുടെ ഇന്ത്യന്‍ കമ്പനിയായ സനോഫി ഇന്ത്യയുടെ ഓഹരികള്‍ 83 രൂപ നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഓഹരി 6.42 ശതമാനം വരെ ഉയര്‍ന്ന് 5317.75 രൂപ വരെ എത്തിയിരുന്നെങ്കിലും പിന്നീട് 1.67 ശതമാനം നേട്ടത്തില്‍ 5070 രൂപയിലാണ് ക്ലോസിങ്. വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി തകര്‍ച്ച നേരിടുന്ന സമയത്താണ് ഓഹരിയുടെ മുന്നേറ്റം. 

നേട്ടമായത് പാദഫലം

സനോഫി ഇന്ത്യയുടെ ഡിസംബര്‍ പാദഫലത്തിന് പിന്നാലെയാണ് ഓഹരി നേട്ടമുണ്ടാക്കയത്. 91.3 കോടി രൂപയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ലാഭത്തേക്കാള്‍ 33.6 ശതമാനം ഇടിവാണിത്. അതേസമയം വരുമാനം 9.7 ശതമാനം ഉയര്‍ന്ന് 514.9 കോടി രൂപയായി. പലിശ, നികുതി, ഡിപ്രീസിയേഷന്‍ എന്നിവയ്ക്ക് മുന്‍പുള്ള വരുമാനം 2023 ഡിസംബർ പാദത്തിലെ 99.6 കോടി രൂപയിൽ നിന്ന് 18.8 ശതമാനം ഉയർന്ന് 118.3 കോടിയുമായി. 

ലാഭവിഹിതം

തുടര്‍ച്ചയായ വലിയ തുക ലാഭവിഹിതം നല്‍കുന്ന കമ്പനിയായ സനോഫി ഇന്ത്യ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. കമ്പനി 117 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 117 രൂപ ലാഭവിഹിതം ലഭിക്കും.  വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഓഹരി ഉടമകളുടെ അനുമതിക്ക് അനുസൃതമായി ലാഭവിഹിതം വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.  

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക) 

ENGLISH SUMMARY:

Despite a market decline, Sanofi India stock gains. Announces ₹117 dividend per share. Read more details here.