കേരളത്തിലെ സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ കണ്ട ആഴ്ചയായിരുന്നു കടന്നു പോയത്. 1,052,00 രൂപയില്‍ നിന്നും 1,08,000 രൂപയിലേക്ക് കുതിച്ച സ്വര്‍ണ വില വീണ്ടും താഴ്ന്നു. നിലവില്‍ 1,06,280 രൂപയാണ് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നല്‍കേണ്ടത്. മധ്യേഷ്യയില്‍ യു.എസ്– ഇറാന്‍ സംഘര്‍ഷത്തിന്‍റെ ചുവടുപിടിച്ച് രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ഈ ചാഞ്ചാട്ടത്തിന് കാരണം.
വിലയില്‍ വലിയ ഇടിവ്
വലിയ ചാഞ്ചാട്ടമാണ് 2026 ന്‍റെ ആദ്യ പകുതിയില്‍ സ്വര്‍ണ വിലയിലുണ്ടായത്. ജനുവരി–ഫെബ്രുവരി കാലത്ത് 20 ശതമാനം ഉയര്‍ന്ന സ്വര്‍ണ വില മാര്‍ച്ചിന് ശേഷം 30 ശതമാനത്തോളം ഇടിഞ്ഞു. ജനുവരിയില്‍ 5600 ഡോളറിലെത്തി സ്വര്‍ണ വില സര്‍വകാല ഉയരം കുറിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 30 ദിവസത്തിനിടയിൽ ഇത് കുറഞ്ഞത് രണ്ടുതവണ സ്പോട്ട് ഗോള്‍ഡ് വില 4,000 ഡോളറിന് താഴെ എത്തി. നിലവില്‍ 4,050 ഡോളറിലെത്തിയിട്ടുണ്ടെങ്കിലും നിലവിലെ ഭൗമരാഷ്ട്ര സാഹചര്യത്തില്‍ സ്വര്‍ണ വിലയിലെ ഈ തിരിച്ചുവരവ് ദുര്‍ബലമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇനി കുതിപ്പോ കിതപ്പോ?
യു.എസ്– ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തോടെ ക്രൂഡ് ഓയില്‍ വില കുതിച്ചതാണ് സ്വര്‍ണത്തിന്‍റെ തിരിച്ചടിക്ക് കാരണം. യു.എസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷയാണ് ജൂണില്‍ സ്വര്‍ണ വിലയെ 4,000 ഡോളറിന് താഴെ എത്തിച്ചത്. 2026 ല്‍ ആദ്യമായാണ് സ്വര്‍ണ വില ഈ നിലവാരത്തിലേക്ക് എത്തുന്നത്. യുദ്ധം തുടരുന്നതും എണ്ണ വില ഉയരുന്നതും സ്വര്‍ണത്തിന്‍റെ വില ഇടിക്കുന്ന കാര്യമാണ്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യമാണെങ്കില്‍ സ്വര്‍ണ വില ഇടിവ് തുടരും. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ യു.എസ് ഫെഡ് പലിശ നിരക്ക് പല തവണയായ വര്‍ധിപ്പിച്ചേക്കാം. ഇത് സ്വര്‍ണ വിലയെ താഴോട്ടിടിക്കും.
സ്വര്‍ണ വില ഇനി മുന്നോട്ട് കുതിക്കണമെങ്കില്‍ കൃത്യമായ ട്രെന്‍ഡ് ആവശ്യമാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വില കുറയുന്നതിനൊപ്പം യു.എസ് ഫെഡറല്‍ റിസര്‍വ് അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുന്ന സാഹചര്യമുണ്ടായാലേ ഇനി സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാവുകയുള്ളൂ.
കഴിഞ്ഞ 30 വര്‍ഷത്തെ സ്വര്‍ണത്തിന്‍റെ ഗതി പരിശോധിച്ചാല്‍ 2012-ലെ ഉയർന്ന നിരക്കിൽ സ്വർണം വാങ്ങിയവര്‍ക്ക് വലിയ തിരിച്ചടിയുണ്ടായി. 2020-ന്റെ അവസാനം വരെ സ്വർണം വീണ്ടും ഉയർന്ന നിരക്കുകളിലേക്ക് തിരിച്ചെത്തിയിരുന്നില്ല. എട്ടര വർഷത്തോളമാണ് സ്വര്‍ണം താഴ്ന്ന വിലയില്‍ തുടര്‍ന്നത്. എന്നാല്‍ വില ഇടിയുന്ന ഘട്ടത്തില്‍ കേന്ദ്ര ബാങ്കുകളടക്കം സജീവമായി സ്വര്‍ണം വാങ്ങുന്നതിനാല്‍ ഈ സാഹചര്യമുണ്ടാക്കില്ലെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
അടുത്താഴ്ച യു.എസിലേക്ക്
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യു.എസ് ഫെഡറൽ റിസർവിന്റെ യോഗത്തിലാണ് നിക്ഷേപകരുടെ കണ്ണ്. പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബറിൽ നടക്കുന്ന യോഗത്തില്‍ ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കും എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതില്‍ നിന്നും മറിച്ച് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ഫെഡ് തീരുമാനിച്ചാല്‍ സ്വര്‍ണ വിലയെ വീണ്ടും ഇടിയും.