ഇന്ധന വിലയിലെ നഷ്ടം കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ക്ക് ഇനിയും വില കൂടേണ്ടി വരും. യു.എസ്– ഇറാന്‍ സംഘര്‍ഷ കാലത്തെ നഷ്ടം നികത്താന്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വരെ കൂട്ടേണ്ടി വരുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസമുണ്ടായ എണ്ണ വില വര്‍ധനവിനു ശേഷം പെട്രോളില്‍ 5.50 രൂപയും ഡീസലിന് 4.50 രൂപയും ലീറ്ററിന് എണ്ണ കമ്പനികള്‍ നഷ്ടം നേരിടുന്നുണ്ട്. മേയ് 15 മുതല്‍ നാലു തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടിയത്. ചെറുതും വലുതുമായി ഇതുവരെ 7.50 രൂപയാണ് പെട്രോളിനും ഡീസലിനും വര്‍ധിച്ചത്.
യു.എസ്– ഇറാന്‍ സംഘര്‍ഷ കാലത്ത് രാജ്യാന്തര എണ്ണ വില 100 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു. ഉയര്‍ന്ന വിലയില്‍ എണ്ണ സംഭരിക്കുകയും കുറഞ്ഞ വിലയില്‍ വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നതിനാല്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ പ്രതിദിനം 550 കോടി രൂപ നഷ്ടം നേരിടുന്നു എന്നാണ് കണക്ക്. ഇവിടെ നിന്നും ലാഭനഷ്ടമില്ലാത്ത അവസ്ഥയിൽ എത്താന്‍ എണ്ണക്കമ്പനികൾക്ക് ഇന്ധന വില ലീറ്ററിന് 12 രൂപ വരെ വർധിപ്പിക്കേണ്ടി വരും എന്നാണ് ഐ.സി.ആർ.എ സീനിയർ വൈസ് പ്രസിഡന്റ് പ്രശാന്ത് വസിഷ്ഠ് വിലയിരുത്തുന്നത്.
ഇതിനുപുറമേ, എൽ.പി.ജി വിൽപ്പനയിലും എണ്ണ കമ്പനികള്‍ക്ക് നഷ്ടം നേരിടുന്നുണ്ട്. എല്‍പിജി വില്‍പ്പനയില്‍ കമ്പനികള്‍ സിലിണ്ടറൊന്നിന് 650 രൂപ നഷ്ടമുണ്ടാക്കുന്നുണ്ട് എന്നാണ് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കിയത്. വിമാന ഇന്ധനത്തിന്റെ വിൽപ്പനയിൽ ലിറ്ററിന് 30 രൂപ കമ്പനികള്‍ നഷ്ടം നേരിടുന്നു എന്നാണ് കണക്ക്.