രാജ്യാന്തര ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടനെ കുറച്ചേക്കില്ല. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ക്രൂഡ് രാജ്യത്തെത്തിയില്ലെന്നും എത്താന്‍ സമയമെടുക്കുമെന്നുമാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ വാദം. രണ്ടു മാസങ്ങൾക്ക് മുന്‍പ് സംഭരിച്ച ക്രൂഡ് ഓയിലിന്‍റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നതെന്നും സ്ഥിതി തുടരുകയാണെങ്കിൽ വില നിയന്ത്രണം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
എണ്ണക്കമ്പനികൾ സാധാരണയായി ക്രൂഡ് ഓയിൽ രണ്ടുമാസം മുന്‍പെങ്കിലും മുൻകൂട്ടി വാങ്ങാറുണ്ട്. അതിനാൽ, ഇപ്പോൾ ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ക്രൂഡ് ഓയിൽ, രാജ്യാന്തര വിപണിയിൽ വില കുതിച്ചുയർന്നു നിന്ന ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിന്റെ തുടക്കത്തിൽ വാങ്ങിയതാണ്. വിലക്കുറയുന്നത് രണ്ടു മൂന്നു മാസത്തേക്ക് കൂടി തുടരുകയാണെങ്കില്‍ നോക്കാം. പക്ഷേ നിലവില്‍ അതൊരു സാങ്കൽപ്പിക സാഹചര്യം മാത്രമാണ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍.
രാജ്യാന്തര വില ഉയര്‍ന്നപ്പോള്‍ 20 ശതമാനമാണ് വികസിത രാജ്യങ്ങളില്‍ എണ്ണ വില ഉയര്‍ന്നത്. അയല്‍ രാജ്യങ്ങളില്‍ 35 ശതമാനം വര്‍ധനവുണ്ടായി. ഇന്ത്യയില്‍ സംഘര്‍ഷ കാലത്ത് വെറും 5.58 ശതമാനം വില വര്‍ധനവു മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുറഞ്ഞ വിലയ്ക്ക് എണ്ണ വിറ്റതിന് ജൂണ്‍ 30 വരെ എണ്ണ കമ്പനികള്‍ക്ക് 74,781 കോടി രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. യു.എസ്– ഇറാന്‍ സംഘര്‍ഷ കാലത്ത് ലീറ്ററിന് 7.50 രൂപയാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്.