എഥനോള്‍ ചേര്‍ത്ത ഇ20 പെട്രോള്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി പുരോഗമിച്ചതുമാണെന്ന് കേന്ദ്രം. എഥനോളില്ലാത്ത പെട്രോളിലേക്ക് തിരികെ പോകാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പാര്‍ലമെന്റില്‍ വ്യക്തമാക്കി. പെട്രോളില്‍ ചേര്‍ക്കുന്ന എഥനോളിന്‍റെ അളവ് 20 ശതമാനത്തില്‍ നിന്നും വര്‍ധിപ്പിക്കാന്‍ നിലവില്‍ ആലോചനയില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.
പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ ഇ20 പെട്രോളിനെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് സഭയിലെത്തിയത്. ഇ15+ പെട്രോള്‍ രാജ്യത്ത് മൂന്നര വര്‍ഷത്തിലധികമായി ഉപയോഗിച്ച് വരികയാണെന്നും ഇ19, ഇ20 പെട്രോളുകള്‍ ഉപയോഗത്തിലെത്തിയിട്ട് രണ്ടരവര്‍ഷമായെന്നും കേന്ദ്രം വ്യക്തമാക്കി. 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തിയത് അഞ്ചു വര്‍ഷം കൊണ്ടാണ്. 2022-23 കാലത്ത് 12 ശതമാനമായിരുന്നു പെട്രോളില്‍ ചേര്‍ത്ത എഥനോളിന്‍റെ അളവ്. 2023-24 ല്‍ 14.6 ശതമാനമായും 2024-25 ല്‍ 19.2 ശതമാനമായും വര്‍ധിച്ചു. 2025-26 ലാണ് ഇത് 20 ശതമാനത്തിലേക്ക്എത്തിയതെന്നും കേന്ദ്രം വിശദീകരിച്ചു.
ഇ10 ഇന്ധനത്തിനായി നിർമിച്ച പഴയ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജ് ഏകദേശം 3 മുതൽ 5 ശതമാനം വരെ കുറഞ്ഞേക്കാമെന്നും ഉയർന്ന അളവിൽ എഥനോൾ കലർത്തുന്നത് എന്‍ജിന്‍ തകരാറിന് കാരണമാകും എന്ന തെളിവുകളൊന്നുമില്ലെന്നും സർക്കാർ പാർലമെന്റില്‍ വ്യക്തമാക്കി. പ്രീമിയം ഗ്രേഡ് പെട്രോളുകളിൽ എഥനോൾ കലർത്തുന്നില്ലെന്ന് പൊതുമേഖലാ എണ്ണ കമ്പനികൾ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.