ഒരു മാസത്തിനിടെ മൂന്നു തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്. ലോകത്തെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നിരക്ക് വര്‍ധനവ് വളരെ കുറവാണെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. മൂന്നു തനണയായി ലിറ്ററിന് അഞ്ചു രൂപയ്ക്കടുത്താണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ എണ്ണ വില വര്‍ധിപ്പിച്ചത്. ഇതിനൊപ്പം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വില കൂടുതലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റിനെയാണ് കേന്ദ്രം പഴിക്കുന്നത്.
കേന്ദ്രം ചുമത്തുന്ന സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി എല്ലാ സംസ്ഥാനങ്ങളിലും തുല്യമാണെന്നും ചില സംസ്ഥാനങ്ങള്‍ വാറ്റ് ചുമത്തുന്നതാണ് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത വില വരാന്‍ കാരണമെന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും പെട്രോള്‍ വില 112 രൂപയായി. ഇതില്‍ കേരളവും തെലങ്കാനയും കേണ്‍ഗ്രസാണ് ഭരിക്കുന്നത്. ആന്ധ്രയില്‍ എന്‍ഡിഎ മുന്നണിയും.
കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച്, ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, ഗോവ, അസം എന്നിവിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 102 രൂപയോ അതിൽ താഴെയോ ആണ്.എന്നാല്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില 92.49 രൂപ മത്രമാണ്. അഹമ്മദാബാദില്‍ 99.23 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 95.13 രൂപ. ലഖ്നൗവില്‍ പെട്രോളിന് ലീറ്ററിന് 99.26 രൂപയും ഡീസലിന് 92.64 രൂപയുമാണ് ഇന്നത്തെ വില.
ആന്ധ്രാപ്രദേശ് 31 ശതമാനം വാറ്റും ലിറ്ററിന് നാല് രൂപ റോഡ് വികസന സെസും ഈടാക്കുന്നു. ഫലത്തിൽ നികുതി നിരക്ക് 35 ശതമാനത്തിനടുത്താണ്. കേരളത്തില്‍ അടിസ്ഥാന വാറ്റിന് പുറമെ സാമൂഹിക സുരക്ഷാ സെസ് കൂടി ചുമത്തുന്നു എന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണത്തിലുള്ളത്. കേന്ദ്രം പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി ലീറ്ററിന് 10 രൂപ വീതം കുറച്ചപ്പോൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ കുറവിന്‍റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയെന്നും പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകം കുറവ് വരുത്തിയില്ലെന്നും വിമര്‍ശനമുണ്ട്.
യു.എസ്–ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജ്യാന്തര വിലയുണ്ടായ വര്‍ധനവിന് ശേഷം രാജ്യത്ത് മൂന്നാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്. മേയ് 15 ന് പെട്രോളിനും ഡീസലിനും 3 രൂപയാണ് ലീറ്ററിന് വര്‍ധിപ്പിച്ചത്. ഇന്ന് പെട്രോളിന് ലീറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഇതോടെ പത്ത് ദിവസം കൊണ്ട് മാത്രം കൂടിയത് 4 രൂപ 81 പൈസയാണ്.