രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെ തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഇതോടെ പത്ത് ദിവസം കൊണ്ട് മാത്രം കൂടിയത് 4 രൂപ 81 പൈസയാണ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില നൂറ് ഡോളറിന് മുകളിൽ എത്തിയതാണ് വില വർധനവിന് പ്രധാന കാരണമായി പറയുന്നത്.
പൊതുമേഖല എണ്ണ കമ്പനികൾക്ക് ഒരു മാസം ആയിരം കോടി രൂപയോളമാണ് നഷ്ടം നേരിടുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ഈ വില വർധന ആരംഭിച്ചത്. ഇന്ധനവില വർധനവിനെ തുടർന്ന് ഡൽഹിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഓട്ടോ ടാക്സി പണിമുടക്ക് നടക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് ചരക്ക് നീക്കത്തെ സാരമായി ബാധിക്കുകയും അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ വലിയ രീതിയിൽ വിലക്കയറ്റം ഉണ്ടാകുകയും ചെയ്യും.
പശ്ചിമേഷ്യൻ സംഘർഷം ഉടൻ അവസാനിക്കാൻ സാധ്യതയില്ലാത്തതിനാലും ഹോർമൂസ് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെടുന്നതിനാലും വരും ദിവസങ്ങളിലും ഇന്ധനവില വർധിക്കാൻ തന്നെയാണ് സാധ്യത. മുൻപും സമാനമായ രീതിയിൽ ഘട്ടം ഘട്ടമായാണ് വലിയ വില വർധനവിലേക്ക് കാര്യങ്ങൾ എത്തിയിരുന്നത്.