പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലും പെട്രോള്‍ വില വര്‍ധിപ്പിച്ചു. പ്രീമിയം വിഭാഗം പെട്രോളിന് 2.09-2.30 രൂപ വരെയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരും. ബിപിസിഎല്ലിന്‍റെ സ്പീ‍ഡ്, എച്ച്പിസിഎല്ലിന്‍റെ പവര്‍ പെട്രോള്‍, ഇന്ത്യന്‍ ഓയിലിന്‍റെ എക്സ്പി95 എന്നീ ബ്രാന്‍ഡ് പെട്രോളുകള്‍ക്കാണ് വില വര്‍ധിക്കുക. അതേസമയം, സാധാരണ പെട്രോളിന്  വില വര്‍ധനല്ല. മികച്ച എന്‍ജിന്‍ പെര്‍ഫോര്‍മന്‍സിനും ഉയര്‍ന്ന മൈലേജിനുമാണ് സാധാരണയായി പ്രീമിയം പെട്രോള്‍ ഉപയോഗിക്കുന്നത്. 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം രാജ്യാന്തര എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ പങ്കുചേരാൻ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും വാഗ്ദാനം ചെയ്ത് വിലയെ അല്‍പം താഴ്ത്തി. ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ സൗകര്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില ഇന്നലെ 110 ഡോളർ കടന്നത്. വിതരണം ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചതോടെയാണ് വില കുറഞ്ഞു. 

ബ്രെന്‍ഡ് ക്രൂഡ് 108.26 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡബ്ലുടിഐ ക്രൂഡ് 95.27 ഡോളറിലാണ്. ഇറാനുമായുള്ള യുദ്ധം എണ്ണ വിതരണത്തെ തടസ്സപ്പെടുത്തിയാൽ എത്രത്തോളം ഉയർന്ന വില ഉയരുമെന്ന് സൗദി അറേബ്യയിലെ വിലയിരുത്തുന്നുണ്ട്. സംഘര്‍ഷം ഏപ്രില്‍ അവസാനം വരെ നീണ്ടാല്‍ രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില 180 ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. 

സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു. 14.2 കിലോ വരുന്ന ഗാര്‍ഹിക സിലണ്ടറുകളുടെ വില 60 രൂപയാണ് വര്‍ധിച്ചത്. 19 കിലോ വാണിജ്യ സിലിണ്ടറിന് 115 രൂപയും വര്‍ധിച്ചിരുന്നു. 2024 മാര്‍ച്ചില്‍ രണ്ടു രൂപ കുറച്ചതിന് ശേഷം രാജ്യത്ത് എണ്ണ വിലയില്‍ ചലനങ്ങളുണ്ടായിട്ടില്ല. 

ENGLISH SUMMARY:

Premium petrol prices have been increased in India following West Asian conflicts, with prices rising by Rs 2.09-2.30 for premium variants. This revised pricing reflects the surge in international crude oil prices and is effective from today.