പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന പ്രശ്നങ്ങള്‍ രാജ്യാന്തര എണ്ണവിലയെ ബാധിക്കുമോ എന്നാണ് ആശങ്ക. യു.എസ്– ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് അതേ നാണയത്തില്‍ ഇറാന്‍ തിരിച്ചടിക്കുന്നുണ്ട്. ഗള്‍ഫിലെ യു.എസ് വ്യോമതാവളങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത് പിന്നോട്ടില്ലെന്നതിന്‍റെ സൂചനയാണ്. യു.എസിന് മറുപടിയായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ ഇറാന്‍ ചെയ്യാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പെട്രോള്‍ വില വര്‍ധിക്കുമോ എന്നതാണ് ചോദ്യം.
എന്താണ് ഹോര്‍മുസ് കടലിടുക്ക്
ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ എണ്ണ ഉൽപാദക രാജ്യങ്ങൾ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) കയറ്റുമതി ചെയ്യാനായി ഉപയോഗിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. എകദേശം 100 മൈൽ (161 കിലോമീറ്റർ) നീളമാണ് ഹോർമുസ് കടലിടുക്കിന്. ഇതിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് ഏകദേശം 21 മൈൽ മാത്രമാണ് ദൂരമുള്ളത്.
ഹോര്‍മുസിന്‍റെ പ്രസക്തി
കടല്‍മാര്‍ഗമുള്ള എണ്ണ വിതരണത്തിന്‍റെ നാലിലൊന്നും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്. സൗദി, അറാന്‍, യുഎഇ, കുവൈത്ത്, ഇറാഖ് അടക്കം ഒപെക് രാജ്യങ്ങള്‍ ആശ്രയിക്കുന്നത് ഹോര്‍മുസാണ്. എല്‍എന്‍ജിയുടെ മുന്‍നിര കയറ്റുമതിക്കാരായ ഖത്തറും ഹോര്‍മുസിനെ ആശ്രയിക്കുന്നു. ഗള്‍ഫിലെ എണ്ണ വിതരണക്കാര്‍ക്ക് കയറ്റുമതിക്ക് മറ്റൊരു കടല്‍ മാര്‍ഗമില്ലെന്നതാണ് ഹോര്‍മൂസിന്‍റെ പ്രസക്തി. കഴിഞ്ഞ വർഷം ഹോർമുസ് കടലിടുക്ക് വഴി പ്രതിദിനം ശരാശരി 20 ദശലക്ഷം ബാരലിലധികം എണ്ണ കടന്നു പോയിട്ടുണ്ട്.
ഹോര്‍മുസ് അടച്ചാല്‍
സംഘര്‍ഷ സമയത്ത് ഹോര്‍മുസ് അടച്ചിടുമെന്നതാണ് ഇറാന്‍ പൊതുവെ ഭീഷണിപ്പെടുത്തുന്നത്. ഇറാന്‍ ഒരു ദിവസം ഹോര്‍മുസ് അടച്ചിട്ടാല്‍ പോലും എണ്ണവില ബാരലിന് 120 ഡോളറിനും 150 ഡോളറിനും ഇടയിൽ എത്തിക്കുമെന്നാണ് കെപ്ലര്‍ ലിമിറ്റഡിന്‍റെ സീനിയര്‍ ക്രൂഡ് അനലിസ്റ്റായ മുയു സു അഭിപ്രായപ്പെടുന്നത്. ബ്രെന്റ് ക്രൂഡ് ഫെബ്രുവരി 20 വരെ ബാരലിന് 66 ഡോളറായിരുന്നു.
ഗള്‍ഫില്‍ നിന്നും ചൈന, യൂറോപ്പ്, യു.എസ് എന്നിവിടങ്ങളിലേക്ക് എണ്ണ കൊണ്ടു പോകുന്ന ടാങ്കുകളെ തടയുന്ന ശ്രമങ്ങള്‍ വിതരണത്തെ തടസപ്പെടുത്തുകയും വില ഉയര്‍ത്തുകയും ചെയ്യും.
ഇന്ത്യയിലും വില ഉയരും
രാജ്യാന്തര വില ഉയര്‍ന്നാല്‍ ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കും. ആവശ്യമായ എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വില ഉയരുന്നത് ഇറക്കുമതി ചെലവ് കൂട്ടും. ഇന്ത്യയുടെ അസംസ്കൃത എണ്ണ വാങ്ങലിന്റെ ഏകദേശം 40% ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇവ ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. യു.എസുമായുള്ള വ്യാപാര കരാറിന് ശേഷം ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നതിന് പരിമിതിയുണ്ട്. അതിനാല്‍ അസംസ്കൃത എണ്ണ വിലയിലെ വർധനവ് ഇന്ത്യയെ കാര്യമായി ബാധിക്കും.