രാവിലത്തെ കുതിപ്പിന് ശേഷവും വിട്ടുകൊടുക്കാതെ സ്വര്‍ണം. ബുധനാഴ്ച രാവിലെ പവന് 2,360 രൂപ വര്‍ധിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം 1,400 രൂപ കൂടി. ഇതോടെ ഒറ്റദിവസത്തെ വര്‍ധന 3,760 രൂപയായി. രാവിലെ പവന് 1,21,120 രൂപയും ഗ്രാമിന് 15,140 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് യഥാക്രമം 1,22,520 രൂപയും 15315 രൂപയുമായി ഉയര്‍ന്നു. ആദ്യമായാണ് കേരളത്തില്‍ സ്വര്‍ണ വില പവന് 1.20 ലക്ഷം കടക്കുന്നതും ഗ്രാമിന് 15,000 രൂപയിലധികമാകുന്നതും.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഡോളറിന്‍റെ വൻ വീഴ്ചയുമാണ് സ്വര്‍ണത്തിന്‍റെ കുതിപ്പിനുള്ള ഊര്‍ജം. യുഎസ് ഫെഡറൽ റിസർവ് ഇന്ന് പണനയം പ്രഖ്യാപിക്കും. കാനഡയ്ക്കും ദക്ഷിണകൊറിയയ്ക്കും എതിരെ ട്രംപ് താരിഫ് ഭീഷണിയും മുഴക്കിയിട്ടുണ്ട്. ബുധനാഴ്ച സ്വര്‍ണ വില 5200 ഡോളറിന് മുകളിലെത്തി റെക്കോര്‍ഡിട്ടിരുന്നു. 5299 ഡോളര്‍ വരെ കുതിച്ച സ്വര്‍ണ വില നിലവില്‍ 5290 ഡോളറിലാണ്.
അതിനിടെ ഡോളറിന്‍റെ ഇടിവ് പ്രശ്നമില്ലെന്ന ട്രംപിന്‍റെ പ്രസ്താവനകളാണ് കറന്‍സിക്ക് തിരിച്ചടിയായി. ഡോളര്‍ വളരെയധികം ഇടിഞ്ഞോ എന്ന ചോദ്യത്തിന് ഡോളറിന്‍റെ മൂല്യം മികച്ചതാണെന്നാണ് ട്രംപ് മറുപടി പറഞ്ഞത്. ഇതോടെ ഡോളറില്‍ വില്‍പ്പന സമ്മര്‍ദം രൂക്ഷമായി. ഡോളര്‍ സൂചിക 0.22 ശതമാനം ഇടിഞ്ഞ് 96.114 നിലവാരത്തിലാണ്. ഒരാഴ്ചയ്ക്കിടെ 2.8 ശതമാനമാണ് ഡോളര്‍ ഇടിഞ്ഞത്. നാലു വര്‍ഷത്തെ താഴ്ചയിലാണ് നിലവില്‍ ഡോളര്‍. ഇത് വിദേശ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് ചെലവ് കുറഞ്ഞതാക്കുന്നു.
ഇന്നത്തെ വിലയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാനുള്ള ചെലവ് 1,38,865 രൂപ കടന്നു. 10 ശതമാനം പണിക്കൂലിയിലുള്ള വിലയാണിത്. ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്നു ശതമാനം ജിഎസ്ടി എന്നിവ ചേര്‍ന്നുള്ള തുകയാണിത്. അഞ്ചു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 1,32,559 രൂപ ചെലവ് വരും.