ദിവസേനെ ഒന്നിലധികം റെക്കോര്‍ഡുകള്‍. സ്വര്‍ണ വിലയ്ക്ക് തീപിടിച്ച ആഴ്ചയാണ് കടന്നുപോകുന്നത്. 1,06,840 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണ വില ശനിയാഴ്ച 1,17,520 രൂപയിലെത്തി. ഒരാഴ്ച കൊണ്ട് വില വര്‍ധനവ് 10,680 രൂപ. രാജ്യാന്തര വിലയിലെ കനത്ത വിലക്കയറ്റവും രൂപയുടെ ചരിത്രപരമായ ഇടിവും ഇന്ത്യക്കാരന്‍റെ സ്വര്‍ണമെന്ന സ്വപ്നത്തിന് തീപിടിപ്പിച്ചു. രാജ്യാന്തര സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതാണ് കേരളത്തിലും വില കൂടാന്‍ കാരണം. സമീപഭാവിയില്‍ സ്വര്‍ണത്തിന് വലിയ ഇടിവ് വിദഗ്ധര്‍ കാണുന്നില്ലെന്നതാണ് സ്വര്‍ണ വില പ്രവചനങ്ങള്‍ കാണിക്കുന്നത്.
ഉടന്‍ 5,000 ഡോളര്‍ കടക്കും
ട്രോയ് ഔണ്‍സിന് 4983.10 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണ വില ഈ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 4988 ല്‍ പുതിയ റെക്കോര്‍ഡിട്ട ശേഷമാണ് നേരിയ പിന്മാറ്റം. അടുത്താഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ 5,000 ഡോളര്‍ എന്ന മാന്ത്രിക സംഖ്യ സ്വര്‍ണം മറികടന്നേക്കാം എന്നാണ് കരുതുന്നത്. ഭൗമരാഷ്ട്ര സംഘര്‍ങ്ങളുടെയും പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍ഡ് ഉയര്‍ന്നതും യു.എസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷയുമാണ് സ്വര്‍ണ വിലയ്ക്ക് കരുത്ത്.
മുന്നോട്ടുള്ള വഴി കഠിനം
2026 ന്റെ ആരംഭം മുതല്‍ ഗ്രീന്‍ലന്‍ഡിനെ ചൊല്ലി യു.എസും നാറ്റോയും രണ്ടു തട്ടിലായതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കും താരിഫ് സംബന്ധിച്ച ആശയകുഴപ്പങ്ങളും സ്വര്‍ണ വിലയ്ക്ക് ഡിമാന്‍ഡ് നല്‍കുന്നുണ്ട്. ഡീഡോളറൈസേഷന്റെ ഭാഗമായി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം തുടര്‍ച്ചയായി വാങ്ങുന്നതും വിലകയറ്റുന്നുണ്ട്. വരുന്ന ആഴ്ചയില്‍ ജനുവരി 27-28 തീയതികളില്‍ ഫെഡ് യോഗം ചേരും. ഫെഡ് യോഗത്തിലെ തീരുമാനങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കും.
ലക്ഷ്യവില 7,040 ഡോളര്‍!
നിലവിലെ സാഹചര്യങ്ങള്‍ അതേപടി തുടരുകയാണെങ്കില്‍ സ്വര്‍ണ വില കുതിക്കാമെന്ന വിലയിരുത്തലാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ സാംകോ സെക്യൂറ്റീസ് പ്രവചിക്കുന്നത്. ശക്തമായ റാലിയെത്തുടർന്നുണ്ടാകുന്ന ഏകീകരണം സ്വര്‍ണ വിലയുടെ മുന്നേറ്റത്തെ ക്ഷീണപ്പിക്കുന്ന സൂചനകളല്ല. മറിച്ച് ഇവ ആരോഗ്യകരമായ ഇടവേളകളായി കാണണമെന്നാണ് സാംകോ സെക്യൂരിറ്റീസിന്റെ വിലയിരുത്തല്‍. 7,040 ഡോളറാണ് പ്രവചിക്കുന്ന വില.
യു.എസ് ഡോളറിനുള്ള ഡിമാന്‍ഡ് ദുര്‍ബലമാകുന്നതും, നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, യുഎസ് സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം എന്നിവ ഉൾപ്പെടെയുള്ള പ്രധാന സാഹചര്യങ്ങൾ നിലനിൽക്കുകയാണെങ്കിൽ സ്വര്‍ണ വില ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കേരളത്തിലെ വില എങ്ങനെ?
രാജ്യാന്തര വില ഉയരുമ്പോള്‍ കേരളത്തിലും സ്വര്‍ണ വില കുതിക്കും. രാജ്യാന്തര വില 7000 ഡോളര്‍ മറികടക്കുമ്പോള്‍ കേരളത്തില്‍ സ്വര്‍ണ വില 1.60 ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്. വിനിമയ നിരക്കും ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.