TOPICS COVERED

രണ്ടു ദിവസത്തെ ബ്രേക്കിന് ശേഷം സ്വര്‍ണ വില റെക്കോര്‍ഡില്‍. പവന് 3,960 രൂപ വര്‍ധിച്ച് 1,17,120 രൂപയിലെത്തി. ഗ്രാമിന് 490 രൂപ വര്‍ധിച്ച് 14,640 രൂപയാണ് ഇന്നത്തെ വില. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ സ്വര്‍ണ വില 1.17 ലക്ഷം രൂപ കടക്കുന്നത്. 21 ന് രേഖപ്പെടുത്തിയ 1,15,320 രൂപ എന്ന റെക്കോര്‍ഡ് പഴങ്കഥയായി.

ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.33 ലക്ഷം രൂപയ്ക്ക് മുകളില്‍ വേണം. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 1,33,040 രൂപയോളാണ് ചെവവ്. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അടങ്ങുന്ന വിലയാണിത്. അഞ്ചു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 6.63 ലക്ഷം രൂപയോളം നല്‍കണം. 

രാജ്യാന്തര സ്വര്‍ണ വില 4,900 ഡോളര്‍ കടന്ന് മുന്നേറിയതാണ് കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച േരഖപ്പെടുത്തിയ 4887.82 ഡോളര്‍ എന്ന റെക്കോര്‍ഡും ഭേദിച്ചു. 4966.40 ഡോളര്‍ വരെ കുതിച്ച സ്വര്‍ണ വില നിലവില്‍ 4951 ഡോളറിലാണ്. യു.എസ് ഡോളര്‍ ദുര്‍ബലമായതും ഫെഡ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഗ്രീന്‍ലന്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സ്വര്‍ണത്തെ തീവിലയിലേക്ക് എത്തിച്ചു. 

യു.എസ് ഡോളര്‍ സൂചിക 0.4 ശതമാനം ഇടിഞ്ഞു. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ വിദേശ വിപണിയില്‍ നിന്നുള്ളവര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് ചെലവ് കുറയ്ക്കും. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിലേക്ക് നിക്ഷേപം എത്തിച്ചു. വില കുതിച്ചതിനാല്‍ ലാഭമെടുപ്പ് ഉണ്ടാകാമെങ്കിലും രാജ്യാന്തര സ്വര്‍ണ വില ഉടന്‍ 5,000 ഡോളറിലേക്ക് എത്തുമെന്ന വിലയിരുത്തലാണ് വിദഗ്ധര്‍ നല്‍കുന്നത്. അങ്ങനെയെങ്കില്‍ സ്വര്‍ണത്തിന് ഇനിയും വില കൂടുമെന്ന് ചുരുക്കം. 

ENGLISH SUMMARY:

Gold price reaches a record high in Kerala, driven by international market trends. The price surge is attributed to factors like a weakening US dollar and anticipation of a Federal Reserve interest rate cut.