ഡെന്മാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ നീക്കത്തെത്തുടർന്ന് ആഗോള വിപണിയിൽ കടുത്ത അനിശ്ചിതത്വം. ട്രംപിന്റെ നിലപാടിന് പിന്നാലെ യുഎസ്-യൂറോപ്പ് വ്യാപാര യുദ്ധ ഭീതി രൂക്ഷമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപകർ ഒഴുകുകയാണ്. ഇതോടെ കേരളത്തിൽ സ്വർണ്ണവില ചരിത്രത്തിലാദ്യമായി 1,10,000 രൂപയും കടന്ന് കുതിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് രണ്ട് തവണയായാണ് സ്വർണ്ണവില വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് മാത്രം 3,160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,10,400 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 395 രൂപ വർധിച്ച് 13,800 രൂപയായി. സ്വർണ്ണത്തിനൊപ്പം വെള്ളിവിലയും അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം നടത്തുന്നത്. ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ നീക്കത്തെ എതിർക്കുന്ന ഡെന്മാർക്ക് ഉൾപ്പെടെയുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ട്രംപ് അധിക തീരുവ (Tariff) പ്രഖ്യാപിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.