നാലു ദിവസം കൊണ്ട് വര്‍ധിച്ചത് 9,880 രൂപ! സ്വര്‍ണം വാങ്ങാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റിയ വിലകയറ്റമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ജനുവരി 19 ന് ആഴ്ച ആരംഭത്തില്‍ 1,05,440 രൂപയിലായിരുന്നു സ്വര്‍ണ വില 1,15,320 രൂപ വരെ കുതിച്ചു. രണ്ടു ദിവസമായി 2,160 രൂപയോളം സ്വര്‍ണ വിലയില്‍ കുറഞ്ഞു.
ഗ്രീന്‍ലാന്‍ഡ് ലക്ഷ്യമിടുന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സ്വര്‍ണ വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ നിലപാടില്‍ നിന്നും ട്രംപ് അയഞ്ഞതോടെയാണ് വില കുറഞ്ഞത്. 4,799 ഡോളര്‍ വരെ കുറഞ്ഞ സ്വര്‍ണ വില വീണ്ടും മുന്നേറിയിട്ടുണ്ട്. 4,877.10 ഡോളറിലാണ് നിലവിലെ വ്യാപാരം.
ഈ കുതിപ്പ് തുടരും എന്നുതന്നെയാണ് വിദഗ്ധരുടെ അനുമാനം. 2026 അവസാനത്തോടെ രാജ്യാന്തര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 5400 ഡോളറിലേക്ക് എത്തുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്സ് വിലയിരുത്തുന്നു. വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും സ്വർണത്തില്‍ നിക്ഷേപിക്കുന്നതും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം നടത്തുന്നതും വില ഉയരാന്‍ കാരണമാകും എന്നാണ് വിലയിരുത്തല്‍ നേരത്തെ. 4900 ഡോളറാണ് സ്വര്‍ണ വിലയുടെ പ്രവചനം.
2026 ൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിക്കാം. അതിനാല്‍ ഇടിഎഫ് ഹോൾഡിംഗ്സ് ഉയരുമെന്ന് ഗോൾഡ്മാൻ സാച്ച്സ് പ്രതീക്ഷിക്കുന്നു. കേന്ദ്ര ബാങ്കുകള്‍ 2026 ല്‍ ശരാശരി 60 ടണ്‍ വരെ സ്വര്‍ണം വാങ്ങാമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ബുധനാഴ്ച 4887.82 ഔണ്‍സിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. സര്‍വകാല റെക്കോര്‍ഡാണിത്. 2026 ല്‍ 11 ശതമാനമാണ് സ്വര്‍ണ വിലയുടെ വര്‍ധനവ്. 64 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായ മുന്നേറ്റം.