സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോർഡിൽ. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവൻ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വില വർധിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളിയും കുതിച്ചുയരുകയാണ്. 

ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതോടെ സ്വർണവില ഔൺസിന് ചരിത്രത്തിലാദ്യമായി 5,000 ഡോളർ കടന്നു. രണ്ട് ശതമാനത്തിലധികം വില വർധിച്ച് 5,090 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 5,080 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആളുകൾ സുരക്ഷിത നിക്ഷേപം തേടിയതും, യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് കൂട്ടിയതും, ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് വർധിച്ചതുമാണ് വില വർധിക്കാൻ പ്രധാന കാരണമായത്. 

ഇന്നത്തെ വിപണി വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 1.35 ലക്ഷം രൂപയെങ്കിലും ചെലവ് വരും. സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലി സാധാരണയായി മൂന്ന് ശതമാനം മുതൽ 30 ശതമാനം വരെയാണ്. സ്വർണ്ണത്തിന്റെയും പണിക്കൂലിയുടെയും ആകെ തുകയ്ക്ക് മൂന്ന് ശതമാനം ജിഎസ്ടി കൂടി ഈടാക്കുന്നതാണ്. ഇതിനു പുറമേ, 45 രൂപ ഹോൾമാർക്കിംഗ് ചാർജും അതിന് 18 ശതമാനം ജിഎസ്ടിയും നൽകേണ്ടതുണ്ട്. മുകളിൽ കൊടുത്ത തുകയിൽ 10 ശതമാനം പണിക്കൂലി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണവില ഇനിയും ഉയരുകയാണെങ്കിൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആഭരണങ്ങളുടെ വില 1.5 ലക്ഷം രൂപ വരെ എത്താൻ സാധ്യതയുണ്ട്.

ENGLISH SUMMARY:

Gold prices in Kerala have surged to a fresh all-time high, with the rate per gram rising by ₹225 and the pavan price increasing by ₹1,800 to ₹1,19,320. The spike follows record-breaking global gold prices crossing $5,000 per ounce amid geopolitical tensions, safe-haven demand, central bank buying, and increased ETF inflows. Jewellery prices may soon touch ₹1.5 lakh per pavan if the upward trend continues.