കണ്ണൂരിൽ റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ദേഹാസ്വാസ്ഥ്യം. റിപ്പബ്ലിക് ദിന പ്രസംഗത്തിനുശേഷം മന്ത്രി സ്റ്റേജിൽ കുഴഞ്ഞു വീഴുകയായിരുന്നു. വേദിയിൽ ഉണ്ടായിരുന്ന കമ്മീഷണർ നിതിൻ രാജ്, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നിലത്തുവീഴാതെ പിടിച്ചു നിർത്തുകയായിരുന്നു.
പതാക ഉയർത്തലും, പരേഡ് പരിശോധനയും പ്രസംഗവും പൂർത്തിയായ ശേഷമാണ് കുഴഞ്ഞു വീണത്. വേദിക്ക് സമീപം ആംബുലൻസ് നേരത്തെ സജ്ജീകരിച്ചിരുന്നത് കൊണ്ട് വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
ആരോഗ്യനില തൃപ്തികരമാണെന്നും അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടു ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ തുടർന്ന് മന്ത്രി ചികിത്സയിലായിരുന്നു.