രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വില എന്‍ഡിഎ ഭരിക്കുന്ന ആന്ധ്രാപ്രദേശില്‍. ഉയര്‍ന്ന വാറ്റ് ഈടാക്കുന്നതിനാലാണ് ആന്ധ്രയില്‍ ഉയര്‍ന്ന വില. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലാണ് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പെട്രോള്‍ വില. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയില്‍ പെട്രോളിന് 109.74 രൂപയാണ് വില. ആന്തമാനില്‍ 82.46 രൂപയും.
എന്‍ഡിഎ ഭരിക്കുന്ന ആന്ധ്രയില്‍ 29.06 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്നത്. 21.90 രൂപ കേന്ദ്രം എക്സൈസ് ഡ്യൂട്ടിയായും ഈടാക്കുന്നു. ആന്ധ്രപ്രദേശില്‍ ഡീസലിന് 97.57 രൂപയാണ് വില. ഇതില്‍ 21.56 രൂപയാണ് വാറ്റ്. ആന്‍ഡമാനില്‍ 0.82 രൂപയാണ് പെട്രോളിന് ഈടാക്കുന്ന വാറ്റ്. ഡീസലിനിത് 0.77 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ രേഖയിലാണ് വിവരമുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി, സംസ്ഥാനങ്ങള്‍ ഈടാക്കുന്നു വാറ്റും നികുതികളും ചേരുന്നതാണ് പെട്രോളിന്‍റെ വില്‍പ്പന വില. വിവിധ ചരക്കു നിരക്കുകളും പ്രാദേശിക ലെവികളും അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ തോറും വിലയും മാറും. ആന്ധ്രപ്രദേശ് കഴിഞ്ഞാല്‍ കേരളത്തിലാണ് പെട്രോളിന് ഉയര്‍ന്ന വില. 107.48 രൂപയാണ് കേരളത്തിലെ പെട്രോള്‍ വില. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ 107.46 രൂപയാണ് വില. കേരളത്തിലെ പെട്രോള്‍ വിലയായ 107 രൂപയില്‍ 26.41 രൂപ വാറ്റ് ആണ്. ഡീസല്‍ വിലയില്‍ 20 രൂപയുമാണ് സംസ്ഥാനം ഈടാക്കുന്ന നികുതി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില കൂടുതലാണ്. മധ്യപ്രദേശില്‍ 106.52 രൂപയും രാജസ്ഥാനിലെ ജയ്പൂരില്‍ 104.72 രൂപയുമാണ് വില. സഖ്യകക്ഷി ഭരിക്കുന്ന പാട്നയില്‍ 105.23 രൂപയാണ് പെട്രോള്‍ വില. 15.40 രൂപ വാറ്റ് ഈടാക്കുന്ന ഡല്‍ഹിയില്‍ 94.77 രൂപയാണ് പെട്രോള്‍ വില. ഒഡീഷ. കര്‍ണാടക, തമിഴ്നാട്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും 100 രൂപയില്‍ കൂടുതലാണ് പെട്രോള്‍ വില. എക്സൈസ് ഡ്യൂട്ടിയായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2,71,529 കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചതെന്നും കേന്ദ്രം സഭയില്‍ വ്യക്തമാക്കി.