petrol-pump

2026 ല്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുമെന്ന് പ്രവചനം. അടുത്ത വര്‍ഷത്തില്‍ ബ്രെന്‍റ് ക്രൂഡ് വില ബാരലിന് ശരാശരി 52 ഡോളറിലെത്തും എന്നാണ് യു.എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ വിലയിരുത്തുന്നത്. നിലവില്‍ ബ്രെന്‍റ് ക്രൂഡ് ഓയില്‍ ബാരലിന് 62 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2025 ല്‍ 71 ഡോളറും 2024 ല്‍ 80 ഡോളറുമാണ് ശരാശരി വില. 2004 ന് ശേഷം ഇതുവരെ 2015 ലും 2020 ലും മാത്രമാണ് ക്രൂഡ് ഓയില്‍ വിലയുടെ ശരാശരി 52 ഡോളറിലും താഴേക്കും എത്തിയത്.

വലിയതോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വില കുറയുന്നത് അനുകൂലമാകും. 2022-23 കാലത്ത് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് 158 ബില്യണ്‍ ഡോളറായിരുന്നു. ഡിസ്കൗണ്ട് നിരക്കില്‍ റഷ്യന്‍ എണ്ണയുടെ ലഭ്യതകൂടിയതോടെ ഇതില്‍ കുറവുണ്ടായിട്ടുണ്ട്. ഏപ്രില്‍– ഓഗസ്റ്റ് കാലത്ത് ഇറക്കുമതി ബില്‍ 17 ശതമാനം കുറഞ്ഞ് 50 ബില്യണ്‍ ഡോളറാണ്. 

ക്രൂഡ് ഓയിൽ വില താഴുന്നത് ഇന്ത്യൻ എണ്ണക്കമ്പനികളുടെ പ്രവർത്തനലാഭം മെച്ചപ്പെടാൻ സഹായിക്കും. വ്യാപാരക്കമ്മിയും പണപ്പെരുപ്പവും കുറയും. ജിഡിപി വളർച്ചയ്ക്ക് ഉത്തേജനം ലഭിക്കും. ഇന്ധന നികുതികൾ വർദ്ധിപ്പിക്കുന്നതിലൂടെ സർക്കാരിന് വലിയ തോതിലുള്ള വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ വില ഇടിവ് സാധാരണക്കാർക്ക് ലഭിക്കുമോ എന്നതാണ് സംശയം.

ഖജനാവ് നിറയ്ക്കാൻ പറ്റിയ സമയം

മോദി സർക്കാർ ഭരണത്തിലെത്തിയ ശേഷം ക്രൂഡ് ഓയിൽ വില താഴേക്കാണ്. എണ്ണ വിലയിലെ ഇടിവ് ഉപയോഗപ്പെടുത്തി നികുതി കുത്തനെ ഉയര്‍ത്തി സർക്കാർ പദ്ധതികൾക്ക് പണം കണ്ടെത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. 2013-14 കാലത്ത് 1.53 ലക്ഷം കോടി നികുതിയായി എത്തിയപ്പോൾ 2021-22 കാലത്ത് 4.92 ലക്ഷം കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്. 2024-25 ല്‍ ഇത് 4.15 ലക്ഷം കോടിയായിരുന്നു.

മോദി സര്‍ക്കാരിന്‍റെ കാലത്ത് ബാരലിന് 69 ഡോളറാണ് ക്രൂഡ് ഓയിലിന്‍റെ ശരാശരി വില. മന്‍മോഹന്‍ സിങ് കാലത്ത് ഇത് 83 ഡോളറായിരുന്നു. 2014 മേയില്‍ 71.41 രൂപയായിരുന്നു പെട്രോള്‍ വില, ഇന്ന് 94.77 രൂപ. 2014ൽ 56.71 രൂപയായിരുന്ന ഡീസല്‍ വില ഇന്ന് 87.67 രൂപയിലേക്ക് ഉയർന്നു. ഈ സമയത്ത് 109 ഡോളറില്‍ നിന്നും 66 ഡോളറിലേക്ക് താഴുകയായിരുന്നു ക്രൂഡ് ഓയിൽ വില.

പെട്രോൾ വില കുറയുമോ?

അടുത്തിടെ ആദായ നികുതി പരിധി ഉയര്‍ത്തിയും ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചും സര്‍ക്കാര്‍ ജനപ്രിയ തീരുമാനങ്ങളെടുത്തിരുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാന നഷ്ടം എത്രത്തോളം എന്ന് വിലയിരുത്തിയ ശേഷം മാത്രമെ സർക്കാർ റീട്ടെയില്‍ വിലയില്‍ ഇളവ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളൂ. അല്ലാത്തപക്ഷം ഇറക്കുമതി ചുങ്കം ഉയര്‍ത്തി വില ഇളവിന്‍റെ ലാഭം സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റും.

എന്നാല്‍ സമീപകാലത്ത് ഇന്ത്യയില്‍ എണ്ണ വില കുറയുന്നത് തിരഞ്ഞെടുപ്പ് കലണ്ടര്‍ അനുസരിച്ചാണ്. 2026 ൽ പശ്ചിമബംഗാള്‍, ആസാം, തമിഴ്നാട്, കേരള എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വില കുറയുമെങ്കിൽ ഈ സമയത്ത് പ്രതീക്ഷിക്കാം എന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ENGLISH SUMMARY:

The US EIA predicts Brent Crude will average $52/barrel in 2026, a steep drop from the current $62. This could significantly cut India's $158 billion import bill, boost GDP, and reduce inflation. However, analysts question if the government will pass the benefit to consumers or use tax hikes to fill the treasury.