ഡിസംബറില്‍ തന്നെ മുന്നോട്ടും താഴോട്ടും കുതിച്ച സ്വര്‍ണ വില ഇനി എങ്ങോട്ട് എന്നാണ് സാധാരണക്കാരുടെ ചോദ്യം. 94,200 രൂപ വരെ എത്തിയ സ്വര്‍ണ വില ഡിസംബര്‍ മാസത്തില്‍ 99,280 രൂപയിലെത്തി. ആറു ദിവസം കൊണ്ട് 4,360 രൂപ വര്‍ധിച്ചു. ഇന്ന് 1,120 രൂപ കുറഞ്ഞ് 98160 രൂപയിലെത്തി.
Also Read: സ്വര്‍ണവിലയില്‍ ആശ്വാസം; പവന് 1120 രൂപ കുറഞ്ഞു; രൂപയുടെ കൂപ്പുകുത്തല്‍ തുടരുന്നു
4,347 വരെ ഉയര്‍ന്ന സ്വര്‍ണ വില 4289 ഡോളറിലേക്ക് താഴ്ന്നതാണ് ഇന്നു സ്വര്‍ണ വില കുറയാന്‍ കാരണം. നിലവില്‍ രാജ്യാന്തര വില 4,317 ഡോളറിലേക്ക് തിരികെ കയറിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ നാളെ കേരളത്തില്‍ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. 2026 ല്‍ സ്വര്‍ണ വില ഉയരുമെന്ന് പല പ്രവചനങ്ങളും നേരത്തെ വന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ വില കുറയുമെന്ന് പറയുകയാണ് ചില ആഗോള ഫണ്ട് മാനേജർമാർ.
സ്വര്‍ണ വില കുറയും
ഫിനാൻഷ്യൽ അനാലിസിസ് അക്കൗണ്ടായ 'ദ കൊബെയ്‌സി ലെറ്റർ' പങ്കുവച്ച ബാങ്ക് ഓഫ് അമേരിക്കയുടെ സർവേയിലെ വിവരങ്ങൾ പ്രകാരം, 2026 ലെ സ്വര്‍ണ വില മുന്നേറ്റത്തെ കുറിച്ച് പ്രൊഫഷണൽ നിക്ഷേപകർക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണ്. 2026 ന്‍റെ അവസാനത്തോടെ സ്വർണവില ഔൺസിന് 5,000 ഡോളർ കടക്കുമെന്ന് അഞ്ചു ശതമാനം ആഗോള ഫണ്ട് മാനേജർമാർ മാത്രമാണ് വിലയിരുത്തുന്നത്. 34 ശതമാനം പേരും പ്രവചിക്കുന്നത് 4000-4500 ഡോളറിനിടയില്‍ സ്വര്‍ണ വില എത്താമെന്നാണ്.
4500-5000 ഡോളറിനുള്ളില്‍ സ്വര്‍ണ വില എത്തുമെന്ന് പ്രവചിക്കുന്നത് 27 ശതമാനമാണ്. 4000 ഡോളറിന് താഴേക്ക് പോകാം എന്ന് 34 ശതമാനവും 3500-4000 ത്തിനും ഇടയില്‍ വില വരുമെന്ന് 26 ശതമാനം പേരും വിലയിരുത്തുന്നു. പ്രൊഫഷണല്‍ നിക്ഷേപകരില്‍ 39 ശതമാനത്തിന്‍റെ പോര്‍ട്ട്ഫോളിയോയില്‍ മാത്രമെ സ്വര്‍ണം നിക്ഷേപമായുള്ളൂ.
സ്വര്‍ണ വില 3,360 ഡോളറിലേക്ക് താഴാം
വേൾഡ് ഗോൾഡ് കൗൺസിലിന്റെ പുതിയ 'ഗോൾഡ് ഔട്ട്‌ലുക്ക് 2026' റിപ്പോർട്ട് പ്രകാരം സ്വർണവിലയുടെ ഭാവി നിർണയിക്കുന്നത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളാകും. ഈ റിപ്പോർട്ട് വില കൂടാനും കുറയാനുമുള്ള സാധ്യത പറയുന്നുണ്ട്. ഏറ്റവും താഴ്ന്ന കണക്കുകൂട്ടൽ പ്രകാരം സ്വർണവില 3,360 ഡോളർ മുതൽ 3,990 ഡോളർ വരെ താഴ്ന്നേക്കാം എന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ കേരളത്തിലെ സ്വര്‍ണ വില പവന് 75,000 രൂപയില്‍ താഴേക്ക് വരാനാണ് സാധ്യത.
വില കൂടുമോ?
ഈ വര്‍ഷം ഇതുവരെ 64 ശതമാനം മുന്നോറ്റമാണ് സ്വര്‍ണ വിലയിലുണ്ടായത്. അടുത്ത വര്‍ഷവും മുന്നേറുമെന്ന് വിവിധ രാജ്യാന്തര ഏജന്‍സികള്‍ പ്രവചിച്ചിട്ടുണ്ട്. സ്വര്‍ണ വില 5000 ഡോളറിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക വിലയിരുത്തുന്നത്. ഡോയ്ചെ ബാങ്കിന്‍റെ വിലയിരുത്തല്‍ പ്രകാരം സ്വര്‍ണ വില 4,950 ഡോളറിലേക്ക് എത്താം. 4900 ഡോളറാണ് ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്ന വില.