സ്വര്‍ണം മാത്രമല്ല ഇനി മുതല്‍ വെള്ളിയും പണയം വയ്ക്കാം. വെള്ളി ഈടായി നല്‍കി വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിക്കഴിഞ്ഞു. 2026 ഏപ്രിൽ 1 മുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ ആർബിഐ മാനദണ്ഡങ്ങൾ അനുസരിച്ച് ചെറുകിട ധനകാര്യ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഉൾപ്പെടെയുള്ള വാണിജ്യ ബാങ്കുകൾ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സഹകരണ ബാങ്കുകൾ, എൻബിഎഫ്‌സികള്‍, ഹൗസിങ് കമ്പനികള്‍ക്ക് എന്നിവയ്ക്ക് വെള്ളി ഈടായി സ്വീകരിച്ച് വായ്പ നല്‍കാന്‍ സാധിക്കും. എന്നാല്‍ വെള്ളി സ്വീകരിക്കുമ്പോള്‍ കൃത്യമായ പരിശോധന വേണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിക്കുമേല്‍ വായ്പ നൽകുന്നത് നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഹ്രസ്വകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വർണ്ണാഭരണങ്ങൾ നാണയങ്ങൾ എന്നിവ പണയം വയ്ക്കാം എന്നാണ് ആര്‍ബിഐ പറയുന്നത്. പരമാവധി 10 കിലോഗ്രാം വെള്ളി വരെ ഈടായി സ്വീകരിക്കാം. വെള്ളി കോയിനുകളാണെങ്കില്‍ പരമാവധി 500 ഗ്രാം വരെയേ ഈടായി സ്വീകരിക്കാവൂ. അതേസമയം വെള്ളിയില്‍ നിക്ഷേപിച്ച ഇടിഎഫുകള്‍ക്ക് മ്യൂച്വൽ ഫണ്ടുകള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. സിൽവർ ബാറുകൾ വച്ച് കൊണ്ട് വായ്പ എടുക്കുന്നതും പരിമിതപ്പെടുത്തിയിട്ടുണ്ട്. പണയം വയ്ക്കുന്ന വെള്ളിയുടെ മൂല്യം മാത്രമേ കണക്കാക്കൂ. വിലയേറിയ കല്ലുകൾ അല്ലെങ്കിൽ രത്നങ്ങൾ എന്നിവ പരിഗണിക്കില്ല.
പണയംവച്ച വെള്ളി വീണ്ടും വച്ച് വായ്പ എടുക്കാന്‍ സാധിക്കില്ല. ഈടായി ലഭിച്ച സ്വർണമോ വെള്ളിയോ ഉപയോഗിച്ച് കൊണ്ട് മറ്റൊരു വായ്പ എടുക്കാനും പാടില്ല. ഉടമസ്ഥാവകാശം സംശയാസ്പദമാണെങ്കിലും വായ്പ നൽകാൻ കഴിയില്ല. വായ്പയുടെ തിരിച്ചടവ് 12 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും വേണം. വെള്ളി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. രണ്ടര ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് 85 ശതമാനം വരെ വായ്പ ലഭിക്കുന്നത്. എന്നാൽ 5 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 75 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. വായ്പ തിരിച്ചടയ്ക്കാൻ പരാജയപ്പെട്ടാൽ കടം കൊടുക്കുന്നയാൾക്ക് ഈട് ലേലം ചെയ്യാം.