gold-jewellery

ഒരു ലക്ഷം എന്ന മാജിക് സംഖ്യയിലേക്കുള്ള കുതിപ്പിന് താല്‍ക്കാലിക വിരാമമിട്ട് സ്വര്‍ണവില. ഒരാഴ്ചയായി വില താഴേയ്ക്കാണ് . ഇന്ന് 600 രൂപ കുറഞ്ഞതോടെ സ്വര്‍ണവില പവന് 90,000 രൂപയില്‍ താഴെയെത്തി. പവന് ഇന്ന് 89,800 രൂപയാണ് വില. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയാകുകയും ചെയ്തു. 18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ കുറഞ്ഞ് 9,280 രൂപയായിട്ടുണ്ട്. 14 കാരറ്റ് സ്വർണവില ഗ്രാമിന് 7,195 രൂപയാണ്. 9 കാരറ്റിനു വില 4,650 രൂപയും.

ഇതോടെ രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തില്‍ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 6,680 രൂപയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ കുറഞ്ഞതാകട്ടെ 7,560 രൂപയും. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 840 രൂപ കുറഞ്ഞ് പവന് 91,280 രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുറഞ്ഞത്. ഒക്ടോബര്‍ 21 നായിരുന്നു സ്വര്‍ണ വില ഈ മാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 97,360 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന് വില. അതേസമയം, ഒക്ടോബര്‍ മൂന്നിനായിരുന്നു വില ഏറ്റവും കുറവ്; 86,560 രൂപ. ഒക്ടോബര്‍ 8 ന് 90,000 കടന്ന സ്വര്‍ണവില രണ്ട് ദിവസത്തിന് ശേഷം 89680 എത്തിയെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും 90,000 കടന്നു. പിന്നീട് ഇന്നുവരെ വില 90,000 ന് മുകളിലായിരുന്നു.

രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞത്. ഡോളര്‍ ശക്തമായതിന് പിന്നാലെയാണ് രാജ്യാന്തര വിലയില്‍ ഇടിവുണ്ടായത്. യു.എസ്– ചൈന വ്യാപാര തര്‍ക്കങ്ങള്‍ കുറയുന്നു എന്ന സൂചനയ്ക്ക് പിന്നാലെ സ്വര്‍ണ വിലയുടെ സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍റ് കുറഞ്ഞു. ലാഭമെടുക്കല്‍ തുടര്‍ന്നതും സ്വര്‍ണ വിലയ്ക്ക് തിരിച്ചടിയായി. രാജ്യാന്തര സ്വര്‍ണവില നിലവില്‍ 3,993 ഡോളറിലാണ്. ഏറെക്കാലത്തിനുശേഷമാണ് വില 4,000നു താഴെയാകുന്നത്. കഴിഞ്ഞ ആഴ്ച രാജ്യാന്തര സ്വര്‍ണവില 4,390 എന്ന റെക്കോർഡിൽ എത്തിയിരുന്നു.

ഇനിയും കുറയുമോ?

നാളെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കും. ഇതിനായാണ് നിക്ഷേപകര്‍ കാത്തിരിക്കുന്നത്. കാല്‍ ശതമാനം പലിശ കുറയ്ക്കുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറയ്ക്കാനാണ് തീരുമാനമെങ്കിൽ സ്വർണവില വീണ്ടും തിരിച്ചുകയറിയേക്കും.

ENGLISH SUMMARY:

Gold price in Kerala saw a massive drop, falling below the ₹90,000 per sovereign mark, reaching ₹89,800 today (down ₹600). The price plummeted by ₹6,680 in the last week, influenced by a strengthened dollar and reduced demand for gold as a safe-haven asset following easing US-China trade tensions. Investors now await the US Federal Reserve's interest rate decision tomorrow.