സമയം ഉച്ചയ്ക്ക് 1.21 തിരുവോണം ബംപർ ഭാഗ്യക്കുറി വാങ്ങിയ 75 ലക്ഷം ഭാഗ്യാന്വേഷികളുടെ ഹൃദയമിടിപ്പ് ഒരുപോലെ ഉയർന്ന നിമിഷം. തിരുവനന്തപുരത്തെ റഷ്യൻ കൾചറൽ സെന്ററായ ഗോർഖി ഭവനിലെ സ്റ്റുഡിയോയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ചുവന്ന ബസർ അമർത്തി. സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിനു നമ്പറുകൾ അതിവേഗം മാറി മറിഞ്ഞ് ബോർഡിൽ ആ നമ്പർ തെളിഞ്ഞു – TH577825. ആറ്റിങ്ങലിലെ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഏജൻസി ലോട്ടറിയെടുത്തത് പാലക്കാട് ലോട്ടറി ഓഫിസിൽ നിന്നാണ്. ടിക്കറ്റ് വിറ്റത് കൊച്ചി നെട്ടൂരിലാണ്. ഏജന്റ് നെട്ടൂര്‍ സ്വദേശി ലെതീഷാണ്. ഏജന്റിന് രണ്ടരക്കോടി കമ്മീഷന്‍ ലഭിക്കും. രണ്ടാംസമ്മാനം : TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733
കഴിഞ്ഞ രണ്ട് വർഷവും ഒന്നാം സമ്മാനം പോയത് കേരളത്തിന് പുറത്തേക്കാണ്. കഴിഞ്ഞ വർഷം കർണാടകയിലേക്കും 2023ൽ തമിഴ്നാട്ടിലേക്കുമാണ് തിരുവോണം ബംപറടിച്ചത്. 75 ലക്ഷം ടിക്കറ്റുകൾ ആണ് ലോട്ടറി വകുപ്പ് വിറ്റത്. 14.07 ലക്ഷത്തിലേറെ ടിക്കറ്റുകളുമായി പാലക്കാട് ആണ് ഇത്തവണയും വില്‍പനയിൽ മുൻപന്തിയിൽ. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം 5 ലക്ഷം വീതം 10 പരമ്പരകൾക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പരമ്പരകൾക്ക് എന്നിങ്ങനെയാണ് പ്രധാന സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. പുതിയ GST നിരക്കുകൾ നിലവിൽ വന്നതും, മഴയും കാരണം കടകളിൽ ടിക്കറ്റ് വിൽപന മന്ദഗതിയിൽ ആയ സാഹചര്യത്തിലാണ് ഇന്നേക്ക് നറുക്കെടുപ്പ് മാറ്റിയത്.
25 കോടിയുടെ ഓണം ബംപർ അടിക്കുമ്പോൾ എത്ര രൂപയാണ് ഭാഗ്യവാന് ലഭിക്കുന്നത്? നികുതിയും കമ്മിഷനും കഴിഞ്ഞ് എത്ര കോടി മിച്ചമുണ്ടാകും? കണക്കുകൾ ഇങ്ങനെയാണ്: സമ്മാനാർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജൻസിക്ക് കമ്മിഷൻ ഇനത്തിൽ രണ്ടരക്കോടി രൂപ ലഭിക്കും. കേന്ദ്രസർക്കാരിന് ആദായ നികുതിയിനത്തിൽ 6.75 കോടി രൂപയും നൽകണം. സമ്മാനത്തുകയിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന സർക്കാരിന് ലഭിക്കുകയില്ല എന്നതാണ് വസ്തുത. ബംപറടിച്ച ഭാഗ്യവാന് കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ കയ്യിൽ കിട്ടുന്നത് 15.75 കോടി രൂപയാണ്.
കേന്ദ്രത്തിന് ടിക്കറ്റൊന്നിന് ജിഎസ്ടി ഇനത്തിൽ മാത്രം 56 രൂപ ലഭിക്കും. 40.32 കോടി രൂപ ആകെ ജിഎസ്ടി ഇനത്തിൽ മാത്രം കേന്ദ്രസർക്കാരിലേക്ക് എത്തുമെന്നാണ് കണക്ക്. സമ്മാനങ്ങൾക്കുള്ള ആദായ നികുതിയായി ചുരുങ്ങിയത് 15 കോടി രൂപയും കിട്ടും. ഏകദേശം 55 കോടി രൂപ കേന്ദ്രസർക്കാരിന് മാത്രം ലഭിക്കും.