Image Credit: AFP
ആമസോണിന് 250 കോടി ഡോളര്‍ പിഴ വിധിച്ച് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മിഷന്‍. ഉപഭോക്താക്കളെ വിദഗ്ധമായി കബളിപ്പിച്ച് പ്രൈം മെംബര്‍ഷിപ്പ് എടുപ്പിക്കുകയും അത് കാന്‍സല്‍ ചെയ്യാന്‍ സാധിക്കാത്ത രീതിയിലാക്കുകയും ചെയ്തതിനാണ് ഭീമന്‍ തുക പിഴ വിധിച്ചത്. സിവില്‍ പെനല്‍റ്റീസായി 100 കോടി ഡോളര്‍ ആമസോണ്‍ അടയ്ക്കണം. ചട്ടലംഘനത്തിന് ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ ഇതുവരെ ഏര്‍പ്പെടുത്തിയ പിഴയില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്. 150 കോടി ഡോളര്‍ ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കണമെന്നും കമ്മിഷന്‍ വിധിച്ചു. ഓണ്‍ലൈനായി സാധനം വാങ്ങുന്നതിനായി പ്രൈം മെംബര്‍ഷിപ്പെടുക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും എന്നാല്‍ പിന്നീട് അത് കാന്‍സല്‍ ചെയ്യാന്‍ കഴിയാതെ സബ്സ്ക്രിപ്ഷന് പുതുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
സീറ്റിലിലെ യുഎസ് കോടതിയില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് സെറ്റില്‍മെന്‍റിന് ആമസോണ്‍ വഴങ്ങിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പേഴ്സ് കോണ്‍ഫിഡന്‍സ് ആക്ട് 2010 അനുസരിച്ചാണ് റീടെയ്ല്‍ ഭീമനെതിരെ നടപടി. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ എന്തിനൊക്കെയാണ് പണം ഈടാക്കുന്നതെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാനുള്ള അവകാശം ഉറപ്പുവരുത്തുന്ന നിയമമാണിത്.
രണ്ടു വര്‍ഷം മുന്‍പാണ് ആമസോണിനെതിരെ ഉപഭോക്താക്കള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ തങ്ങള്‍ കബളിപ്പിച്ചിട്ടില്ലെന്നും വെട്ടിപ്പ് നടത്തിയിട്ടില്ലെന്നുമായിരുന്നു ആമസോണിന്‍റെ നിലപാട്. ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമില്ലാതെ തന്നെ പ്രൈം അംഗങ്ങളാകാനും അംഗത്വം ഒഴിവാക്കാനും കഴിയുന്ന തരത്തില്‍ ലളിതമാണ് നടപടിക്രമങ്ങളെന്ന് ആമസോണ്‍ പറയുന്നു. സെറ്റില്‍മെന്‍റ് നിലവില്‍ വന്ന് 90 ദിവസത്തിനകം ഉപഭോക്താക്കള്‍ക്ക് പണം തിരികെ ലഭിക്കും. 30 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് നഷ്ടം സംഭവിച്ചത്.
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ അതിവേഗം കിട്ടുന്നതിനും, വിഡിയോ സ്ട്രീമിങിനും ഡിസ്കൗണ്ടുകള്‍ക്കുമായി മാസം 14.99 ഡോളറാണ് പ്രൈം ഉപഭോക്താക്കള്‍ നല്‍കുന്നത്. 139 ഡോളറാണ് വാര്‍ഷിക ഫീസ്. ആമസോണിന് വന്‍ സാമ്പത്തിക വളര്‍ച്ചയാണ് പ്രൈമിലൂടെ ഉണ്ടായത്. ലോകമെങ്ങുമായി 200 മില്യണ്‍ ഉപഭോക്താക്കളാണ് ആമസോണ്‍ പ്രൈം അംഗങ്ങളായുള്ളത്.