gold-jewellery

ആശ്വാസത്തിന് മണിക്കൂറുകള്‍ മാത്രം സമയം നല്‍കി സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. രാവിലെ പവന് 80 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 400 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. പവന്‍ 79,880 രൂപ എന്ന സര്‍വകാല ഉയരം തൊട്ടു. രാവിലെ പത്ത് രൂപ കുറഞ്ഞ ഗ്രാമിന് ഉച്ചയ്ക്ക് 50 രൂപ വര്‍ധിച്ചു. 9,985 രൂപയാണ് ഒരു ഗ്രാമിന് വില. ഗ്രാമിന് 10,000 രൂപ എന്ന നാഴികകല്ല് പിന്നിടാന്‍ ഇനി 15 രൂപയുടെ വ്യത്യാസം മാത്രമെയുള്ളൂ. ഇത് അടുത്ത ദിവസം മറികടക്കാനാണ് സാധ്യത.

ഒരു പവന്‍ വാങ്ങാന്‍ 90,000 രൂപ!

സെപ്റ്റംബര്‍ മാസത്തിലെ എട്ടു ദിവസം പിന്നിടുമ്പോള്‍ 2,920 രൂപയാണ് സ്വര്‍ണ വിലയില്‍ കൂടിയത്. ഇന്നത്തെ പുതിയ വിലയോടെ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ചുരുങ്ങിയത് 90,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം. 10 ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന് 7988 രൂപ പണിക്കൂലി നല്‍കണം. ഇതിനൊപ്പം 53 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്ന് ശതമാനം ജിഎസ്ടിയും സ്വര്‍ണ വിലയില്‍ ഈടാക്കും.

രാജ്യാന്തര വില റെക്കോര്‍ഡില്‍

രാവിലെ ലാഭമെടുപ്പില്‍ രാജ്യാന്തര സ്വര്‍ണ വില ചെറിയ രീതിയില്‍ ഇടിഞ്ഞതാണ് കേരളത്തില്‍ വില കുറയാനുണ്ടായ കാരണം. രാവിലെ ട്രോയ് ഔണ്‍സിന് 3578.40 ഡോളറിലെത്തിയ രാജ്യന്തര വില ഉച്ചയോടെ 3,600 ഡോളര്‍ ഭേദിച്ചു. വെള്ളിയാഴ്ച എത്തിയ 3,599.89 ഡോളറായിരുന്നു ഇതുവരെയുള്ള സര്‍വകാല ഉയരം. 3615 ഡോളറിലേക്ക് ഉയര്‍ന്ന സ്വര്‍ണ വിലയാണ് കേരളത്തില്‍ വില കയറ്റത്തിന് കാരണം.

വില ഉയരാന്‍ കാരണം?

യു.എസിലെ തൊഴില്‍കണക്ക് പുറത്തുവന്നതോടെ കൂടുതല്‍ അളവില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കും എന്ന വിലയിരുത്തലിലേക്ക് നിക്ഷേപകരെത്തി. നേരത്തെ കാല്‍ശതമാനം പലിശ നിരക്കാണ് പ്രതീക്ഷയെങ്കില്‍ ഇത് അരശതമാനമായി വര്‍ധിച്ചു. ഓഗസ്റ്റില്‍ യു.എസിലെ തൊഴില്‍വളര്‍ച്ച കുറയുകയും തൊഴിലില്ലായ്മ നിരക്ക് നാലു വര്‍ഷത്തെ ഉയരമായ 4.30% ത്തിലേക്ക് എത്തുകയും ചെയ്തു. അടുത്താഴ്ചയാണ് പലിശ നിരക്ക് തീരുമാനിക്കുന്നതിനുള്ള ഫെഡറല്‍ റിസര്‍വ് യോഗം.

പലിശ നിരക്ക് കുറയുന്നത് ഡോളര്‍, ബോണ്ട് അടക്കമുള്ള നിക്ഷേപങ്ങളുടെ റിട്ടേണിനെ ബാധിക്കുകയും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപ ഒഴുക്ക് വര്‍ധിക്കുകയും ചെയ്യും. ഈ ഡിമാന്‍റ് വര്‍ധനയാണ് വില കൂടുന്നതിന്‍റെ ഊര്‍ജം.

ENGLISH SUMMARY: