തിരുവോണ ദിനത്തിലും കുതിപ്പുതുടര്‍ന്ന് സ്വര്‍ണവില. പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 78,920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 70 രൂപ വര്‍ധിച്ച് 9865 രൂപയിലെത്തി. ഈ മാസത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതിലുപരി സർവകാല റെക്കോർഡുമാണ്.
സെപ്തംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പിന്നീട് മൂന്നാം തിയ്യതി വരെ തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപമാത്രമായിരുന്നു ഇന്നലെ കുറഞ്ഞത്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 78000 ത്തിന് മുകളില്‍ തുടരുകയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ചരിത്രത്തിൽ ആദ്യമായാണ് പവന് 78,000 രൂപ കടക്കുന്നത്.
രാജ്യാന്തര സ്വര്‍ണ വില വീണ്ടും ഉയരുന്നത് കേരളത്തിലെ കുതിപ്പിന് കാരണം. സ്പോട്ട് ഗോൾഡിന്‍റെ വില 0.24 ശതമാനം ഉയര്‍ന്ന് 3,557.97 ഡോളറിലാണ്. ബുധനാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണവില റെക്കോഡിലായിരുന്നു. 3,578.50 ഡോളറായിരുന്നു വില.
ആഗോളതലത്തില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ട്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് അതിലൊന്ന്. ട്രംപിനുകീഴില്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളും അതിന്‍റെ ആഗോള പ്രതിഫലനവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും ഡോളറിൽ നിന്ന് സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് മറ്റൊരു കാരണം. ഉയർന്ന ആഭ്യന്തര ഡിമാൻഡാണ് ഇന്ത്യന്‍ വിപണിയിലെ വില കൂടാനുള്ള കാരണങ്ങളിലൊന്ന്. ഉത്സവ സീസണും മറ്റാവശ്യങ്ങള്‍ക്കുമായി സ്വർണത്തിന് വന്‍ ഡിമാൻഡാണ്.