gold-price-forcast

കേരളത്തിലെ സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡില്‍. ബുധനാഴ്ച പവന് 640 രൂപ വര്‍ധിച്ച് 78,440 രൂപയായി. ഗ്രാമിന് ചരിത്രത്തിലാദ്യമായി 9800 രൂപ കടന്നു. 80 രൂപ വര്‍ധിച്ച് 9805 രൂപയായി. സെപ്റ്റംബറില്‍ മൂന്നു ദിവസത്തിനിടെ 1480 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. 

രാജ്യാന്തര സ്വര്‍ണ വില വീണ്ടും പുതിയ റെക്കോര്‍ഡിലേക്ക് എത്തിയതാണ് കേരളത്തിലെ കുതിപ്പിന് കാരണം. ഇന്നലെ 3508 ഡോളര്‍ നിലവാരത്തിലേക്ക് എത്തിയ സ്വര്‍ണ വില ഇന്ന് 3543 ഡോളറിലെത്തി. നിലവില്‍ 3,533.40 ഡോളറിലാണ് വ്യാപാരം. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന നിക്ഷേപ വിശ്വാസമാണ് സ്വര്‍ണത്തിന് ഡ‍ിമാന്‍റ് ഉയര്‍ത്തുന്നത്. സെപ്റ്റംബര്‍ 17 ന്‍റെ യോഗത്തില്‍ 25 അടിസ്ഥാന നിരക്കിന്‍റെ കുറവ് പലിശ നിരക്കില്‍ വരുത്തുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. 

പെട്ടന്നു തന്നെ പലിശ നിരക്ക് കുറയ്ക്കണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പലിശ നിരക്ക് കുറയ്ക്കാത്തതിന്‍റെ പേരില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ നേരത്തെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പലിശ നിരക്ക് കുറയുന്നത് ഡോളറിനും ബോണ്ടിലുമുള്ള നിക്ഷേപ താല്‍പര്യം കുറയ്ക്കും. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് വില കൂടാന്‍ കാരണം. ഇടിഫിലേക്കുള്ള സ്വര്‍ണ നിക്ഷേപത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണ് ഇപ്പോഴുള്ളത്. 

ബുധനാഴ്ചയിലെ വിലയില്‍ പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 88,920 രൂപയോളം നല്‍കണം. 10 ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്നു ശതമാനം ജി.എസ്.ടി എന്നിവ അടക്കമാണ് ഈ നിരക്ക്.