2026 ലേക്ക് കഷ്ടിച്ച് നാലുമാസം മാത്രം. 2025 അവസാനമാസങ്ങളിലേക്ക് കടക്കവേ ശരവേഗത്തിലാണ് സ്വര്‍ണവില കുതിക്കുന്നത്. ഈമാസം ആദ്യമൂന്നു ദിവസത്തിനിടെ 1480 രൂപയാണ് വര്‍ധിച്ചത്. ഓരോ ദിവസവും വിലയില്‍ പുതിയ റെക്കോര്‍ഡ്! അപ്പോള്‍ അടുത്ത വര്‍ഷം എന്തായിരിക്കും സ്ഥിതി? 2026ന്റെ ആദ്യപകുതിയോടെ പത്ത് ഗ്രാം സ്വര്‍ണത്തിന്‍റെ വില 110,000 മുതൽ 125,000 രൂപ വരെ എത്തുമെന്നാണ് ഐസിഐസിഐ ബാങ്കിന്റെ ഇക്കണോമിക് റിസർച്ച് ഗ്രൂപ്പിന്‍റെ ഗവേഷണ റിപ്പോര്‍ട്ട്.
2025ൽ ആഗോള സ്വർണ്ണവില 33 ശതമാനം ഉയർന്നുവെന്നാണ് റിപ്പോർട്ട്. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും അമേരിക്കന്‍ സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കകളും മാറിമറഞ്ഞ താരിഫ് നയങ്ങളുമെല്ലാമാണ് കുതിപ്പിന് കാരണം. ഈ വര്‍ഷം ഇനിയുള്ള മാസങ്ങളില്‍ സ്വർണ്ണത്തിന്റെ ശരാശരി ആഗോളവില ഔൺസിന് 3,400 മുതൽ 3,600 യുഎസ് ഡോളർ വരെ വര്‍ധിച്ചേക്കാം. 2026 ആദ്യപകുതിയിൽ വില വീണ്ടും 3,600 മുതൽ 3,800 യുഎസ് ഡോളർ വരെ വര്‍ധിക്കുമെന്നാണ് പ്രവചനം. യുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും രൂക്ഷമായാല്‍ വില വീണ്ടും കൂടും. അമേരിക്കന്‍ സാമ്പത്തികസാഹചര്യങ്ങള്‍ തന്നെയാകും ഏറ്റവും നിര്‍ണായകം.
ആഗോളതലത്തില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ട്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് അതിലൊന്ന്. ട്രംപിനുകീഴില്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളും അതിന്‍റെ ആഗോള പ്രതിഫലനവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും ഡോളറിൽ നിന്ന് സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് മറ്റൊരു കാരണം.
അതേസമയം ഇന്ത്യൻ വിപണിയിലെ വില കൂടാനുള്ള കാരണങ്ങള്‍ വ്യത്യസ്തമാണ്. രൂപയുടെ മൂല്യത്തകർച്ചയാണ് ഒന്നാമത്തേത്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടും. ഉയർന്ന ആഭ്യന്തര ഡിമാൻഡാണ് മറ്റൊരു കാരണം. ഉത്സവ സീസണും മറ്റാവശ്യങ്ങള്‍ക്കുമായി സ്വർണത്തിന് വന്‍ ഡിമാൻഡാണ്. 2025 ജൂണിൽ 1.8 ബില്യൺ ആയിരുന്ന സ്വർണ ഇറക്കുമതി, ജൂലൈയിൽ 4.0 ബില്യൺ ആയി കുത്തനെ ഉയർന്നതിന് കാരണവും മറ്റൊന്നല്ല. സ്വർണ്ണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (Gold ETFs) നിക്ഷേപവും ഇരട്ടിയായി. ജൂലൈയിൽ മാത്രം 12.6 ബില്യൺ രൂപയുടെ നിക്ഷേപമാണ് വന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെയുള്ള ആകെ നിക്ഷേപം 92.8 ബില്യൺ രൂപയാണ്.