തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോര്‍ഡ് തിരുത്തികുറിച്ച് കേരളത്തിലെ സ്വര്‍ണ വില. പവന് 160 രൂപ വര്‍ധിച്ച് ചൊവ്വാഴ്ച സ്വര്‍ണ വില 77,800 രൂപയിലെത്തി. ഗ്രാമിന് 20 രൂപയുടെ വര്‍ധനവോടെ 9725 രൂപയാണ് ഇന്നത്തെ വില. തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി 77,000 രൂപ ഭേദിച്ച സ്വര്‍ണ വിലയ്ക്ക് 78,000 രൂപയിലെത്താനുള്ള ദൂരം വെറും 200 രൂപ അകലെയാണ്.
രാജ്യാന്തര സ്വര്‍ണ വിലയിലെ കുതിപ്പിനെ തുടര്‍ന്നാണ് കേരളത്തിലും വിലകയറ്റം. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 3508.50 ഡോളര്‍ വരെ ഉയര്‍ന്നു. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 3500 ഡോളര്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയായി. നിലവില്‍ താഴോട്ടിറങ്ങി 3,493 ഡോളറിലാണ് വ്യാപാരം.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. സെപ്റ്റംബര്‍ 17 നുള്ള ഫെഡ് യോഗത്തില്‍ 25 അടിസ്ഥാന നിരക്കിന്‍റെ കുറവാണ് പലിശ നിരക്കില്‍ പ്രതീക്ഷിക്കുന്നത്. ഫെഡറല്‍ റിസര്‍വിനെതിരെ ട്രംപ് നടത്തുന്ന നീക്കങ്ങളും ട്രംപിന്‍റെ തീരുവയും സ്വര്‍ണത്തെ തീപിടിപ്പിക്കുകയാണ്. വിവിധ രാജ്യങ്ങള്‍ യു.എസിന് ബദല്‍ വിപണി തേടുന്നത് ഡോളറിന് ഇടിവുണ്ടാക്കുകയാണ്.
റെക്കോര്‍ഡ് വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 90,000 രൂപയ്ക്ക് അടുത്ത് ചെലവാക്കണം. 10 ശതമാനം പണിക്കൂലിയില്‍ സ്വര്‍ണം വാങ്ങാന്‍ 88,190 രൂപയോളമാകും ചെലവ്. 77,800 രൂപയോടൊപ്പം 10 ശതമാനം പണിക്കൂലിയും 55 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്ന് ശതമാനം ജിഎസ്ടിയും ചേരുന്ന തുകയാണിത്. അഞ്ച് പവന്‍റെ ആഭരണം വാങ്ങാന്‍ 4,40,737 രൂപയാണ് ഇന്നത്തെ വില പ്രകാരമുള്ള ചെലവ്.