trump-gold-tarrif

കേരളത്തില്‍ സ്വര്‍ണ വിലയില്‍ തുടരെ രണ്ടാം ദിവസത്തിലും റെക്കോര്‍ഡ്. പവന് 560 രൂപ വര്‍ധിച്ച് 75,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 9470 രൂപയിലെത്തി. വ്യാഴാഴ്ച രേഖപ്പെടുത്തിയ 75,200 രൂപ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. എട്ടു ദിവസത്തിനിടെ ഒരു പവന് വര്‍ധിച്ചത് 2,560 രൂപയാണ്. ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയില്‍ നിന്നാണ് സ്വര്‍ണ വിലയുടെ ഈ കുതിപ്പ്. 

റെക്കോര്‍ഡ് വിലയോടെ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 86,000 രൂപയോളം നല്‍കേണ്ട സ്ഥിതിയായി. 10 ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന്‍റെ വിലയാണിത്. സ്വര്‍ണ വില, പത്ത് ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 51 രൂപ, മൂന്നു ശതമാനം ജി.എസ്.ടി എന്നിവ അടങ്ങുന്നതാണ് സ്വര്‍ണ വില. ഒരു ലക്ഷം രൂപയ്ക്ക് 1.32 ഗ്രാം സ്വര്‍ണം ലഭിക്കും. 

രാജ്യാന്തര വിലയിലെ കുതിപ്പാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജമാകുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ വര്‍ധനയ്ക്കൊപ്പം  രൂപയുടെ ഇടിവും കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് അഞ്ച് പൈസ നഷ്ടത്തിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഒരു കിലോ സ്വര്‍ണ ബാറുകളുടെ ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്‍റെ നീക്കവും ട്രംപിന്‍റെ വ്യാപാര യുദ്ധവും ഫെഡ് പലിശ നിരക്ക് കുറയ്ക്കും എന്ന സൂചനയുമാണ് സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ചത്. 

1 കിലോ ഭാരമുള്ളതോ 100 ഔണ്‍സില്‍ കൂടുതലുള്ളതോ ആയ സ്വര്‍ണ ബാറുകളുടെ ഇറക്കുമതിക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താന്‍ യു.എസ് നീക്കമുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈസിന്‍റെ റിപ്പോര്‍ട്ട്. അവധി വ്യാപാരത്തില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ഡിസംബര്‍ ഫ്യൂച്ചേഴ്സ് 3,534 ഡോളര്‍ വരെ കുതിച്ചു. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ കടന്ന ശേഷം 3,395 ഡോളറിലേക്ക് തിരികെ എത്തി. ജൂലൈ 23 ന് ശേഷമുള്ള മികച്ച വിലയാണിത്. 

യു.എസില്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ കണക്ക് പ്രതീക്ഷിച്ചതിലും കൂടുതലാണ്. ഇതോടെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ വീണ്ടും ഉയര്‍ന്നു. ഡോളര്‍ താഴുന്നതും സ്വര്‍ണത്തിനുള്ള ഡിമാന്‍റ് വര്‍ധിപ്പിച്ചു. പല രാജ്യങ്ങള്‍ക്കുമെതിരായ ട്രംപിന്‍റെ താരിഫ് ഇന്നലെ മുതല്‍ നിലവില്‍ വന്നു. രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതാവസ്ഥകളില്‍ സ്വര്‍ണം മുന്നേറ്റം നടത്താറുണ്ട്.