സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ ആശങ്കയിലാക്കി വീണ്ടും റെക്കോര്‍ഡിട്ട് കേരളത്തിലെ സ്വര്‍ണ വില. പവന് 75,200 രൂപയാണ് ഇന്നത്തെ വില. ജൂലൈ 23 ന് രേഖപ്പെടുത്തിയ 75,040 എന്ന നിരക്കാണ് പഴങ്കഥയായത്. വ്യാഴാഴ്ച പവന് 160 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ചരിത്രത്തിലാദ്യമായി 9,400 രൂപയിലെത്തി. 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
സ്വര്‍ണ വില റെക്കോര്‍ഡിലെത്തിയതോടെ വാങ്ങല്‍ വിലയും പുതിയ ഉയരത്തിലായി. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഇന്ന് 85,250 രൂപയോളം നല്‍കണം. സ്വര്‍ണ വില, 10 ശതമാനം പണിക്കൂലി, 51 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്നു ശതമാനം ജി.എസ്.ടി എന്നിവ അടങ്ങുന്നതാണ് സ്വര്‍ണാഭരണം വാങ്ങാനുള്ള വില. ഒരു ലക്ഷം രൂപയ്ക്ക് 1.17 പവന്‍ മാത്രമാണ് ലഭിക്കുക. പത്ത് പവന്‍ വാങ്ങാന്‍ 8.52 ലക്ഷം രൂപയോളം ആവശ്യമാണ്.
ഏഴു ദിവസം കൊണ്ട് ഓഗസ്റ്റില്‍ 2,000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. ഡോളര്‍ ഇടിയുന്നതോടെ രാജ്യാന്ത വിപണിയിലുണ്ടായ വര്‍ധനവ് രൂപയുടെ ഇടിവും കേരളത്തിലെ സ്വര്‍ണ വിലയെ ബാധിച്ചു. ഡോളര്‍ ഇടിയുന്നതാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില മുന്നേറാന്‍ കാരണം. യു.എസില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയാനുള്ള സാധ്യത ഏറിയതോടെയാണ് ഡോളര്‍ വീഴുന്നത്.
രാജ്യാന്തര സ്വര്‍ണ വില ട്രോയ് ഓണ്‍സിന് 3383 ഡോളര്‍ വരെ എത്തിയതിന് പിന്നാലെ 3,377.40 ഡോളറിലാണുള്ളത്. യു.എസിലെ തൊഴില്‍ ഡാറ്റ താഴ്ന്നതോടെ അടുത്ത മാസത്തില്‍ ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ഡോളര്‍ ഒരു ആഴ്ചയിെല താഴ്ന്ന നിലവാരത്തിലെത്തി. പലിശ നിരക്ക് കുറയുന്നതോടെ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് സ്വര്‍ണത്തിന്‍റെ വില ഉയര്‍ത്തുന്നത്.
ഫെഡറൽ റിസർവിൽ ഒഴിവുള്ള ഗവര്‍ണര്‍മാരെ ഉടന്‍ നിയമിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ ഫെഡില്‍ ട്രംപിന്‍റെ സ്വാധീനം ശക്തമാവുകയാണ്. നിലവിലെ ചെയർമാൻ ജെറോം പവലിനും ട്രംപ് പകരക്കാരനെ നിയമിക്കുമെന്നും വിവരമുണ്ട്. പലിശ നിരക്ക് കുറയ്ക്കണമെന്ന ട്രംപിന്‍റെ ആവശ്യം വകവെയ്ക്കാത്ത പവലിനോട് ട്രംപ് ഇടഞ്ഞിരിക്കുകയാണ്.