സ്വര്‍ണാഭരണ പ്രേമികളെ ആശങ്കയിലാക്കി ഇന്നലെ വന്‍ കുതിപ്പ് കാഴ്ചവച്ച സ്വര്‍ണവില ഇടിഞ്ഞു. ഇന്നലെ സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നിരുന്നു. ഇതില്‍ നിന്നാണ് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് സ്വര്‍ണം ഗ്രാമിന് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ കുറഞ്ഞ് 74,040 രൂപയിലുമാണ് വ്യാപാരം. ഇന്നലെ കൂടിയതിനേക്കാള്‍ വിലയാണ് ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞത്.
ജൂണ്‍ 15 ന് രേഖപ്പെടുത്തിയ 74,560 രൂപയെന്ന റെക്കോര്‍ഡ് പഴങ്കഥയാക്കിയായിരുന്നു ഇന്നലെ സ്വര്‍ണവില കുത്തനെ കൂടിയത്. പവന് ഇന്നലെ 760 രൂപ വര്‍ധിച്ച് 75,040 രൂപയാകുകയും ഗ്രാമിന് 95 രൂപ വര്‍ധിച്ച് 9380 രൂപയാകുകയും ചെയ്തിരുന്നു. ജൂലൈ പകുതിമുതല്‍ തുടര്‍ച്ചയായി കൂടിക്കൊണ്ടിരിക്കുന്ന സ്വര്‍ണവിലയിലാണ് ഇന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 9നായിരുന്നു സ്വര്‍ണവിലയില്‍ ഈ മാസം ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. 72,000 രൂപയായിരുന്നു ജൂലൈ 9ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.
ജപ്പാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായുള്ള യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നതും യൂറോപ്യൻ യൂണിയനുമായുള്ള യുഎസിന്‍റെ ചര്‍ച്ചകള്‍ പോസിറ്റീവ് വശങ്ങളിലേക്ക് കടക്കുന്നതുമാണ് സ്വര്‍ണ വില കുറയാന്‍ കാരണം. യു.എസ് ഡോളര്‍ നഷ്ടം കുറച്ചതും ട്രഷറി ബോണ്ട് യീല്‍ഡ്, യുഎസ് ഓഹരി വിപണികൾ എന്നിവ നേട്ടത്തിലായതും വില കുറയാന്‍ കാരണമായി. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പുതിയ വ്യാപാര ഉടമ്പടി ഉടന്‍ ഒപ്പുവയ്ക്കുമെന്നതും സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.
എന്നാല്‍, ഈ കുത്തനെയുള്ള ഇറക്കത്തെ കാര്യമാക്കേണ്ടതില്ലെന്നും രാജ്യാന്തര സ്വർണവില വീണ്ടും തിരിച്ചുകയറാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യാന്തര സ്വര്‍ണവിലയില്‍ നേരിയ തോതില്‍ മാത്രമേ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളൂ. അതിനാല്‍ തന്നെ ഈ ചെറിയ നഷ്ടം തിരിച്ചുപിടിച്ചാല്‍ വീണ്ടും സ്വര്‍ണവില കുതിക്കാന്‍ തുടങ്ങും. നിലവിലെ റെക്കോര്‍ഡും ഭേദിച്ചേക്കാമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.