ജപ്പാനും ദക്ഷിണകൊറിയയും അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരത്തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിന് പിന്നാലെ സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഇന്നലെ 3,310 ഡോളറിലായിരുന്നു രാജ്യാന്തര വില 3,346 ഡോളറിലേക്ക് തിരികെ കയറി. ഇതോടെ കേരളത്തിലും സ്വര്‍ണ വില ഉയര്‍ന്നു.
Also Read: സ്വര്‍ണ വില കുറയും? വലിയ സൂചന നല്‍കി റിസര്‍വ് ബാങ്ക്; സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തി
സ്വര്‍ണ വില പവന് 400 രൂപ വര്‍ധിച്ച് 72,480 രൂപയിലെത്തി. ഗ്രാമിന് 50 രൂപയുടെ വര്‍ധനവോടെ 9,060 രൂപയിലാണ് വ്യാപാരം. തിങ്കളാഴ്ച കുറഞ്ഞത്രയും തുക ഇന്ന് വര്‍ധിച്ചതോടെ ശനിയാഴ്ചയിലെ അതേ വിലയിലേക്ക് സ്വര്‍ണമെത്തി. ഇന്നത്തെ വിലയില്‍ പത്ത് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ 82,160 രൂപയോളം ചെലവാക്കണം. സ്വര്‍ണ വിലയോടൊപ്പം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ജിഎസ്ടിയും ചേരുന്ന തുകയാണിത്.
ബംഗ്ലദേശും ജപ്പാനും ഉൾപ്പെടെ 14 രാജ്യങ്ങൾക്കുമേലാണ് ട്രംപ് പരിഷ്കരിച്ച പകരംതീരുവ പ്രഖ്യാപിച്ചത്. 25 മുതൽ 40 ശതമാനം വരെ തീരുവയാണ് രാജ്യങ്ങള്‍ക്ക് എതിരെ ചുമത്തിയത്. ട്രംപിന്‍റെ താരിഫിന് പിന്നാലെ ബോണ്ട് യീല്‍ഡ് രണ്ടാഴ്ചയ്ക്ക് മുകളിലെ നിലവാരത്തിലേക്ക് എത്തിയതാണ് സ്വര്‍ണത്തിന്‍റെ വലിയ മുന്നേറ്റത്തെ പിടിച്ചുകെട്ടിയത്.
അതേസമയം, ട്രംപിന്‍റെ താരിഫ് നയങ്ങൾ പണപ്പെരുപ്പ ഭയം ഉണർത്തുന്നുണ്ട്. ഇത് പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള ഫെഡറൽ റിസർവിന്‍റെ സാധ്യതകളെ കുറയ്ക്കും. ബുധനാഴ്ച യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ മിനിറ്റ്സ് പുറത്തുവരും. ഇതില്‍ പണനനയ വീക്ഷണത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകും. ഇത് സ്വര്‍ണ വിലയുടെ മുന്നേറ്റത്തെ സ്വാധീനിക്കും. ട്രംപിന്‍റെ താരിഫ് നയം പുതിയ വ്യാപാര യുദ്ധത്തിന് ഇടയാക്കിയാല്‍ ഇത് വില ഉയരാനുള്ള മറ്റൊരു കാരണമായി മാറും.