തുടര്‍ച്ചയായ വില ഇടിവിന്‍റെ ആവേശത്തില്‍ കേരളത്തിലെ സ്വര്‍ണ വില. എട്ടു ദിവസമായി തുടരുന്ന സ്വര്‍ണ വില ഇടിവിന് തിങ്കളാഴ്ചയും തുടര്‍ച്ചയുണ്ടായി. പവന് 120 രൂപ കുറഞ്ഞ് 71320 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയാണ് ഒരു ഗ്രാമിന്‍റെ വില. ജൂണ്‍ മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് ഇന്നത്തെ വില.
എട്ടു ദിവസത്തിനിടെ 2,560 രൂപയാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഇന്ന് ചുരുങ്ങിയത് 80,850 രൂപ നല്‍കണം. മാസത്തിലെ ഉയര്‍ന്ന വില രേഖപ്പെടുത്തിയ ജൂണ്‍ 15 ന് പത്ത് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ചെലവാക്കിയ തുക 84,532 രൂപയാണ്. ഇന്ന് സ്വര്‍ണം വാങ്ങാന്‍ ചെല്ലുന്നൊരാള്‍ക്ക് 4500 രൂപയോളം ലാഭം ലഭിക്കും.
രാജ്യാന്തര വിലയിലെ കനത്ത ഇടിവാണ് കേരളത്തിനും ആശ്വാസമായത്. തിങ്കളാഴ്ച ഒരു മാസത്തെ താഴ്ന്ന നിലവാരത്തിലാണ് രാജ്യാന്തര സ്വര്‍ണ വിലയുള്ളത്. സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി ഇടിഞ്ഞതാണ് വില കുറയാന്‍ കാരണം. ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ വന്നതിന് പിന്നാലെ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിച്ചതും സ്വര്‍ണത്തിന് വിലകുറയാന്‍ കാരണമായി.
യുഎസും മറ്റ് രാജ്യങ്ങളുമായുള്ള വിവിധ വ്യാപാര കരാറുകള്‍ പൂര്‍ത്തിയായി വരുന്നതായും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് തിങ്കളാഴ്ച 3,246 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണ വില 3,277 ഡോളറിലാണ് നിലവിലുള്ളത്. ഇതോടെ സ്വര്‍ണ വില മേയ് 29 ന് ശേഷമുള്ള താഴ്ന്ന നിലവാരത്തിലെത്തി.