സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവരാണോ? മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടയിലെ താഴ്ന്ന നിലവാരത്തിലാണ് വെള്ളിയാഴ്ചയിലെ സ്വര്‍ണ വില. പവന് 680 രൂപ കുറഞ്ഞ് 71,880 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 85 രൂപ കുറഞ്ഞ് 8985 രൂപയിലെത്തി. ജൂണ്‍ 11 ന് ശേഷമാണ് സ്വര്‍ണ വില ഗ്രാമിന് 9,000 രൂപയില്‍ താഴെ എത്തുന്നത്.
ജൂണ്‍ 15 ന്‍റെ വിലയായ 74,560 രൂപയില്‍ നിന്ന് 2,680 രൂപ കുറവാണ് ഇന്നത്തെ വില. ജൂണ്‍ മാസത്തിലെ താഴ്ന്ന നിലവാരമായ 71,360 രൂപയ്ക്ക് തൊട്ടടുത്തും. വിലയിലെ വലിയ ഇടിവ് സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്കും ആശ്വാസമാണ്. ജൂണ്‍ 15 ന് പത്ത് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ചെലവാക്കിയ തുക 84,532 രൂപയാണ്. ഇന്നത്തെ വിലയില്‍ വാങ്ങുന്നൊരാള്‍ക്ക് 81,495 രൂപയ്ക്ക് ഇതേ ആഭരണം ലഭിക്കും. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയിലധികം ലാഭമാണിത്.
സ്വര്‍ണ വിലയെ താഴോട്ട് വലിക്കുന്ന ഒന്നിലധികം ഘടകങ്ങളാണ് ആഭ്യന്തരവില ഇടിച്ചത്. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം അവസാനിച്ച ശേഷം സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് കുറച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ഇന്ന് യുഎസ് പണപ്പെരുപ്പ കണക്ക് പുറത്തുവരുന്നത്. പണപ്പെരുപ്പം വര്‍ധിച്ചാല്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത പിന്നെയും മങ്ങും. ഇത് സ്വര്‍ണ വിലയെ താഴോട്ടിടിപ്പിക്കുന്ന ഘടകമാണ്. രാജ്യാന്തര സ്വര്‍ണ വില നിലവില്‍ 40 ഡോളറിലേറെ ഇടിഞ്ഞ് 3,288 ഡോളറിലാണ്. ആഴ്ചകള്‍ക്ക് ശേഷമാണ് സ്വര്‍ണ വില 3,300 ഡോളര്‍ ഭേദിക്കുന്നത്.
അങ്ങനെയെങ്കിലും ഇനിയും കുറയുമെന്ന് ഓര്‍ത്ത് കാത്തിരിക്കാന്‍ പറ്റില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. അടുത്ത വര്‍ഷത്തോടെ സ്വര്‍ണ വില ഔണ്‍സിന് 4,000 ഡോളറിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം. നിലവിലെ രാജ്യാന്തര വിലയില്‍ നിന്നും 20 ശതമാനത്തിന്‍റെ വര്‍ധനയാണിത്. ഈ വര്‍ഷം ഇതുവരെ 45 ശതമാനത്തിന്‍റെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്.