gold

സ്വർണാഭരണ പ്രേമികൾക്ക് ചെറിയൊരു പ്രതീക്ഷ നൽകി ഈയിടെ സ്വർണ വില കുറഞ്ഞിരുന്നു. എന്നാൽ യുഎസിലെ സാമ്പത്തിക സ്ഥിതിയെ പറ്റിയുള്ള ആശങ്കയും പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നയങ്ങളും വീണ്ടും തീവിലയിലേക്ക് കയറുകയാണ് സ്വർണം. ഇന്ന് പവന് 360 രൂപ വർധിച്ച് 71,800 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 45 രൂപയുടെ വർധനവോടെ 8975 രൂപയിലേക്കും സ്വർണ വിലയെത്തി. 

സർവകാല ഉയരമായ 74,320 രൂപയിൽ നിന്നും താഴെയാണെങ്കിലും സ്വർണ വില ഇനിയും ഉയർന്നേക്കാം എന്ന സാധ്യതയാണ് വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്. ഒരു തരി പൊന്ന് പോലും ആഡംബരമാക്കി  സ്വർണ വില 85,000 രൂപ കടന്നേക്കും എന്നാണ് റിപ്പോർട്ട്. 

എന്തുകൊണ്ട് സ്വർണ വില ഉയരുന്നു

യുഎസും ചൈനയും രമ്യതയിലെത്തിയിട്ടും പ്രതീക്ഷിച്ച ഇടിവ് സ്വർണ വിലയിലുണ്ടായില്ല. കുറഞ്ഞ് തുടങ്ങിയിടത്തു  നിന്ന് സ്വർണ വില ഉയരാനുള്ള കാരണം തൊട്ടടുത്ത ദിവസം തന്നെ ഉണ്ടായി. വർധിച്ചുവരുന്ന കടബാധ്യതകളും പലിശ ചെലവുകളും ചൂണ്ടിക്കാട്ടി ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് വെള്ളിയാഴ്ച യു.എസിന്‍റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി. 

വരുമാന നഷ്ടവും കടം വർധിപ്പിക്കുകയും ചെയ്യുന്ന ഡോണൾഡ് ട്രംപിന്റെ നികുതി ബില്ലും യുഎസ് സമ്പദ്‍വ്യവസ്ഥയെ പറ്റിയുള്ള ആശങ്ക വർധിപ്പിച്ചു. ഇതിനു തുടർച്ചയായി യുഎസ് ട്രഷറി വകുപ്പിന്റെ 20 വർഷ ബോണ്ട് വിൽപ്പനയ്ക്കുള്ള ഡിമാന്റ് കുറയുന്നതും  സ്വർണത്തോടുള്ള താൽപര്യം വർധിപ്പിക്കുകയാണ്. സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി ഉയരുന്നതിൽ രാജ്യാന്തര വിപണിയിൽ മുന്നോട്ടാണ്. നിലവിൽ ട്രോയ് ഔൺസിന് 3,335 ഡോളർ പിന്നിട്ടു. 

ഇനി വില എങ്ങോട്ട് 

രാജ്യാന്തര നിക്ഷേപ ബാങ്കായ ജെപി മോർഗാൻറെ നിരീക്ഷണ പ്രകാരം സ്വർണ വില ട്രോയ് ഔൺസിന് 4,000 ഡോളർ വരെ എത്തുമെന്നാണ്. 2025 ൻറെ നാലാം പാദത്തിൽ സ്വർണ വില 3,675 ഡോളറിലേക്ക് എത്താമെന്നാണ് ജെപി മോർഗാൻ വിലയിരുത്തൽ. അടുത്ത വർഷം മാർച്ചിലാണ് ഈ വിലയിലെത്താനുള്ള പ്രവചനം. രാജ്യാന്തര വില 3,500 ഡോളറിലെത്തിയ ഏപ്രിൽ 22 നാണ് കേരളത്തിൽ ചരിത്ര ഉയരമായ 74,320 രൂപയിലെത്തിയിരുന്നു. അങ്ങനെയെങ്കിൽ 3,600 ഡോളർ കടന്നാൽ 78,000 രൂപയ്ക്ക് മുകളിലേക്ക് സ്വർണ വില എത്തും.  

4,000 ഡോളറിലെത്താൻ പ്രവചിക്കുന്ന സമയം 2026 സെപ്റ്റംബറിലാണ്. ഈ വിലയിൽ കേരളത്തിൽ ഒരു പവന് 825,000 രൂപയ്ക്ക് അടുത്ത് നൽകേണ്ടി വന്നേക്കാം. 

മുന്നേറ്റത്തിനുള്ള കാരണം

സാമ്പത്തിക മാന്ദ്യ ഭീഷണി, വ്യാപര ആശങ്കകൾ, യുഎസ് സമ്പദ്‍വ്യവസ്ഥയുടെ ആരോ​ഗ്യം സംബന്ധിച്ച ആശങ്കകൾ ഡോളറിന്റെ ഇടിവ് എന്നിവ സമീപകാലത്ത് സ്വർണ വിലയെ ഉയർത്തുന്ന കാരണങ്ങളാകാം എന്നാണ് വിദ​ഗ്ധാഭിപ്രായം. സ്വർണ വില നിലവിൽ ഒരു ബുൾറണ്ണിലാണ്. താരിഫ് മൂലമുണ്ടാകുന്ന മാന്ദ്യം  സ്വർണ വിലയ്ക്ക് കൂടുതൽ ഊർജം എന്നാണ് ജെപി മോർഗന്റെ വിലയിരുത്തൽ. നിക്ഷേപകരിൽ നിന്നും കേന്ദ്ര ബാങ്കുകളിൽ നിന്നും ഉണ്ടാകുന്ന ശക്തമായ ഡിമാൻഡ് കാരണം ശരാശരി 710 ടൺ എന്ന തോതിൽ ഓരോ പാദത്തിലും സ്വർണം വാങ്ങലുണ്ടാകുമെന്നും ജെപി മോർ​ഗാന്റെ കുറിപ്പിലുണ്ട്. 2025 ആദ്യ പാദത്തിൽ സ്വർണ്ണം നേടിയ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം തയ്യാറാക്കിയത്.

ENGLISH SUMMARY:

Gold prices rise by Rs 360 per pavan, reaching Rs 71,800 in Kerala. Experts link the hike to US economic concerns, Trump’s fiscal policies, and Moody’s downgrade. Forecasts suggest gold could reach Rs 85,000 per pavan.