ഡോളറുമായുള്ള വിനിമയനിരക്കില്‍ കരുത്താര്‍ജിച്ച് രൂപ. ഇന്നുരാവിലെ വിപണി തുറന്നപ്പോള്‍ വിനിമയനിരക്ക് ഒരു ഡോളറിന് 83.83 രൂപ എന്ന നിലയിലെത്തി. വ്യാഴാഴ്ച അവസാനിച്ച സെഷനില്‍ ക്ലോസ് ചെയ്ത നിരക്കില്‍ (84.49) നിന്ന് 0.7 ശതമാനം കൂടുതലാണിത്. 2024 ഒക്ടോബറിനുശേഷം ആദ്യമായാണ് രൂപയുടെ നിരക്ക് 84ന് താഴെയെത്തുന്നത്. ഈയാഴ്ച മാത്രം രൂപയുടെ വിനിമയനിരക്കില്‍ 2 ശതമാനം വര്‍ധനയുണ്ടായി.
വിദേശബാങ്കുകള്‍ വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കാന്‍ തുടങ്ങിയതും പ്രാദേശിക കറന്‍സികള്‍ ശക്തിയാര്‍ജിക്കുന്നതുമാണ് ഇന്ത്യന്‍ രൂപയ്ക്ക് കരുത്തായത്. ഇന്ത്യന്‍ ഓഹരികളിലേക്ക് ഡോളര്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചതും ഇന്ത്യ–യുഎസ് വ്യാപാര ഉടമ്പടിയെക്കുറിച്ചുള്ള പ്രതീക്ഷയും രൂപയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടിയെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു. ഫെബ്രുവരി പത്തിന് ഡോളറിന് 87.95 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ശേഷമാണ് രൂപ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.
വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങുന്നത് തുടരുകയാണ്. തുടര്‍ച്ചയായി 11 വ്യാപാര സെഷനുകളായി ഇതില്‍ മാറ്റം വന്നിട്ടില്ല. രണ്ടുവര്‍ഷത്തിനിടെ വിദേശ നിക്ഷേപസ്ഥാപനങ്ങളുടെ നിക്ഷേപത്തില്‍ തുടര്‍ച്ചയായി വര്‍ധന രേഖപ്പെടുത്തുന്ന ഏറ്റവും നീണ്ട കാലയളവാണിത്.
രൂപ ശക്തിയാര്‍ജിച്ചതോടെ പ്രമുഖ വിദേശ സാമ്പത്തിക അനലിസ്റ്റുകള്‍ രൂപയുടെ ഭാവിയെക്കുറിച്ചുള്ള പ്രവചനത്തിലും മാറ്റംവരുത്തി. സാമ്പത്തികവര്‍ഷം അവസാനം ഒരു ഡോളറിന് 87 രൂപ എന്ന നിരക്കിലേക്ക് രൂപയുടെ വിനിമയനിരക്ക് ഇടിയും എന്ന് പ്രവചിച്ചിരുന്ന മിറ്റ്സുബിഷി യുഎഫ്ജി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്‍റെ പുതിയ പ്രവചനം 84 രൂപയാണ്. ഇപ്പോഴത്തെ നിലയില്‍ രൂപ വളര്‍ച്ചയില്‍ മിക്ക ഏഷ്യാപസഫിക് കറന്‍സികളെയും പിന്നിലാക്കുമെന്നാണ് കരുതുന്നത്. ഓഹരി വിപണിയിലും ഉണര്‍വ് പ്രകടമാണ്. നിഫ്റ്റി 24,400 ലും സെന്‍സെക്സ് 450 പോയിന്‍റും ഉയര്‍ന്നാണ് പ്രാരംഭ വ്യാപാരം നടത്തുന്നത്.