ഒരാഴ്ചയ്ക്കുശേഷം ഇന്നലെ 320 രൂപ കൂടി 71,840 രൂപയിലെത്തിയ സ്വര്‍ണവില അക്ഷയ തൃതീയ ദിനത്തിലും മാറ്റമില്ലാതെ തുടരുന്നു. ആറു ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില ഇന്നലെയാണ് വര്‍ധിച്ചത്. എങ്കിലും അക്ഷയ തൃതീയ ദിനമായ ഇന്ന് വില കുറഞ്ഞേക്കുമെന്നായിരുന്നു സ്വര്‍ണം വാങ്ങാനിരുന്നവരുടെ പ്രതീക്ഷ. എന്നാല്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. പവന് 71,840 രൂപയും ഗ്രാമിന് 8980 രൂപയുമാണ് വില.
വില മാറ്റമില്ലാതെ തുടരുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ കുറവ് രേഖപ്പെടുത്താതിരുന്നതിനാലും സ്വര്‍ണാഭരണം വാങ്ങാനുള്ള ചിലവും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. നിലവിലെ വിലയില്‍ പത്ത് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 81,400 രൂപയിലധികം നല്‍കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണിത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും.
അതേസമയം, രാജ്യാന്തരവില ഔൺസിന് 3,325 ഡോളറിൽ നിന്ന് 3,304 ഡോളറിലേക്ക് കുറഞ്ഞു. ഡോളറിനെതിരെ ഇന്ത്യൻ രൂപയും ഇന്ന് 10 പൈസയുടെ നേട്ടത്തോടെ 85.15ലാണ് വ്യാപാരം തുടങ്ങിയത്. ഇതെല്ലാം കേരളത്തിൽ സ്വർണവില കുറയാനുള്ള അനുകൂലഘടകങ്ങളാണ്. എങ്കിലും സാധാരണക്കാരുടെ പ്രതീക്ഷ അസ്ഥാനത്താക്കി വില കുറഞ്ഞില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ റെക്കോര്‍ഡ് നിലയിലാണ് സ്വര്‍ണവിലയെങ്കിലും അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങാനും ആവശ്യക്കാരേറെയാണ്.
ട്രംപിന്‍റെ താരിഫ് നയങ്ങളിലെ മാറ്റവും യുഎസ്–ചൈന വ്യാപാര യുദ്ധം അയയുന്നതാണ് അടുത്തിടെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്താന്‍ കാരണം. യുഎസ് ഡോളർ ഇൻഡക്സ് കരുത്താർജ്ജിക്കുന്നതും സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നേരത്തെ യുഎസുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ താരിഫ് ഒഴിവാക്കാന്‍ ഫലപ്രദമായ ആശയങ്ങള്‍ മുന്നോട്ടുവച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍ഡ് പറഞ്ഞിരുന്നു. യുഎസില്‍ നിന്ന് വരാനിരിക്കുന്ന സാമ്പത്തിക ഡേറ്റ റിലീസുകളായിരിക്കും ഇനി സ്വര്‍ണത്തിന്‍റെ ഗതി നിര്‍ണയിക്കുക.
ഏപ്രില്‍ 22നായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കായ പവന് 74320 എന്ന നിരക്കില്‍ സ്വര്‍ണമെത്തിയത്. ഏപ്രില്‍ എട്ടിനായിരുന്നു ഈ മാസം സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നത്. 65,800 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.