സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ എന്നാണ് വിശ്വാസം! അതുകൊണ്ടുതന്നെ സ്വർണം, വസ്ത്രം, വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ ഈ ദിവസം ഉത്തമമാണെന്ന് പൊതുവേ ആളുകള്‍ കരുതുന്നത്. പ്രത്യേകിച്ചും സ്വര്‍ണം! ഭാവിയിലേക്കുള്ള ഒരു നിക്ഷേപം കൂടിയായിരിക്കേ ഈ ദിനത്തില്‍ സ്വര്‍ണകടകളില്‍ തിരക്ക് കൂടുമെന്നത് ഉറപ്പാണ്. എന്നാല്‍ പത്ത് വര്‍ഷം മുന്‍പ് അക്ഷയ തൃതീയ ദിനത്തില്‍ വാങ്ങിയ സ്വര്‍ണത്തിന്‍റെ ഇന്നത്തെ മൂല്യം എത്രയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കേട്ടാല്‍ ഞെട്ടും!
വെഞ്ചുറ സെക്യൂരിറ്റീസിന്‍റെ അഭിപ്രായത്തില്‍ 2015 ല്‍ നിന്ന് 2025 ല്‍ എത്തുമ്പോള്‍, ഈ പത്ത് വര്‍ഷം കൊണ്ട് സ്വര്‍ണ വില 200 ശതമാനമാണ് വര്‍ധിച്ചത്. 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് അന്ന് ഏകദേശം 26,936 രൂപയായിരുന്നു വില. ഇന്ന് 2025 ലെ അക്ഷയ തൃതീയയ്ക്കാകട്ടെ 24 കാരറ്റ് 10 ഗ്രാമിന് 94,290 രൂപ! കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ 2015 ഏപ്രില്‍ 21 ന് (2015 അക്ഷയതൃതീയ) 22280 രൂപയായിരുന്നു വില. ഇന്ന് പവന് 71,840 രൂപ. ചുരുക്കി പറഞ്ഞാല്‍ അന്ന് നിങ്ങള്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഇന്ന് മികച്ച നേട്ടമാകുമായിരുന്നു എന്ന് സാരം. 2015 മുതല്‍ ഇങ്ങോട്ട് 2025 വരെ സ്വര്‍ണം ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. വാര്‍ഷിക കണക്കുകള്‍ നോക്കിയാല്‍ 2019 ല്‍ 23000+ ആയിരുന്ന സ്വര്‍ണവില വലിയ കുതിച്ചുചാട്ടം നടത്തി 2020 32000+ ആയി ഉയരുകയുണ്ടായി.
കഴിഞ്ഞവർഷത്തെ അക്ഷയ തൃതീയ ദിനത്തെ അപേക്ഷിച്ച് സ്വര്‍ണവില ഇത്തവണ വൻതോതിൽ കൂടിനിൽക്കുകയാണെങ്കിലും ആളുകള്‍ എത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് വ്യാപാരികള്‍. ഈ വർഷം വിൽപ്പന 10 മുതല്‍ 20% വരെ കുറഞ്ഞേക്കാമെന്നാണ് വെഞ്ചുറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വില പലപ്പോഴും അസ്ഥിരമായി തുടരുന്നുണ്ടെങ്കിലും സ്വര്‍ണത്തിന്‍റെ ഭാവി ശോഭനമാണെന്ന് തന്നെയാണ് പൊതുവേ കരുതുന്നത്. മാത്രമല്ല ഉപഭോക്തക്കളുടെ സമീപനവു മാറിയിരിക്കുന്നു. കൂടുതല്‍ അളവില്‍ സ്വര്‍ണം വാങ്ങുന്നവര്‍ ഇന്ന് ആഭരണങ്ങളേക്കാൾ സ്വർണ്ണ ബാറുകൾ, നാണയങ്ങൾ, ഡിജിറ്റൽ സ്വർണ്ണം എന്നിവ തിരഞ്ഞെടുക്കുന്നുണ്ട്. ഇവ ‘ശുദ്ധമായ’ നിക്ഷേപ സാധ്യതകളായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ സ്വർണ്ണത്തെ ഒരു നിക്ഷേപമായി കാണുന്നവർക്ക് സ്വർണ്ണ നാണയങ്ങൾ, സോവറിൻ സ്വർണ്ണ ബോണ്ടുകൾ അല്ലെങ്കിൽ സ്വർണ്ണ ഇടിഎഫുകൾ എന്നിവ വാങ്ങുന്നത് ആഭരണങ്ങളേക്കാൾ മികച്ച മൂല്യം നൽകിയേക്കാം.
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില, കഴിഞ്ഞ 10 വര്‍ഷത്തില്‍ (Image Credit: www.keralagold.com)
അടുത്ത അക്ഷയ തൃതിയ വരുന്നത് 2026 ഏപ്രില്‍ 19നാണ്. രാഷ്ട്രീയ സംഘർഷങ്ങൾ ഉയരുകയോ ആഗോള സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകുകയോ ചെയ്താൽ അടുത്ത അക്ഷയ തൃതീയയോടെ സ്വർണ്ണ വില 10 ഗ്രാമിന് ഒരുലക്ഷം കടക്കുമെന്നാണ് വെഞ്ചുറ പ്രവചിക്കുന്നത്. 2025 ഡിസംബർ വരെ സ്വർണ്ണ വില 10 ഗ്രാമിന് ₹86,000 നും ₹96,000 നും ഇടയിൽ ചാഞ്ചാടിക്കൊണ്ടിരിക്കുമെന്നും കരുതുന്നു.