കേരളത്തിലെ സ്വര്‍ണ വില ചാഞ്ചാട്ട സ്വഭാവത്തിലാണ്. ഇന്നലെ ആദ്യം കൂടി, പിന്നെ കുറഞ്ഞു, ഇന്നിതാ വീണ്ടും കുറഞ്ഞു. ഒരു ദിവസത്തിനിടെ ഫലത്തില്‍ 960 രൂപയുടെ ഇടിവ് പവനുണ്ടായി. ഇന്നലെ തുടക്കത്തില്‍ 64480 രൂപ എന്ന സര്‍വകാല ഉയരത്തിലായിരുന്നു സ്വര്‍ണ വില.
മണിക്കൂറുകള്‍ക്ക് ശേഷം 64,080 രൂപയിലെത്തി. ഇന്നത്തെ വില 63,250 രൂപയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള വിലയില്‍ നിന്ന് 560 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 8,000 ത്തിന് താഴേക്കും എത്തി. 70 രൂപ കുറഞ്ഞ് 7,940 രൂപയാണ് ഗ്രാമിന്‍റെ വില.
ഇന്ന് വില കുറയാന്‍ കാരണമെന്ത്?
ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്‍റെ പ്രസ്താവനയാണ് സ്വര്‍ണ വിലയില്‍ കാര്യമായ കുറവിന് കാരണമായത്. സമ്പദ്‍വ്യവസ്ഥ ശക്തമാണെന്നും കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കലിന് ഉടനെ സാധ്യതയില്ലെന്നും ഫെഡ് ചെയര്‍മാന്‍ സൂചന നല്‍കി. പണപ്പെരുപ്പം കൂടുതല്‍ കുറയുകയോ തൊഴില്‍ വിപണിയില്‍ ഇടിവ് സംഭവിക്കുകയോ ചെയ്യുന്ന പക്ഷം മറിച്ച് ചിന്തിക്കാമെന്നും പവല്‍ വ്യക്തമാക്കി.
പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് സ്വര്‍ണത്തിന് അനുകൂലമല്ല. പവലിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുത്തതാണ് സ്വര്‍ണ വിലയെ താഴേക്ക് കൊണ്ടുപോയത്. സ്വര്‍ണവുമായി എതിര്‍ദിശയില്‍ ചലിക്കുന്ന യുഎസ് ബോണ്ട് യീല്‍ഡ് 0.30 ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 2,942.70 ഡോളര്‍ എന്ന സര്‍വകാല ഉയരത്തിലേക്ക് എത്തിയ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന്‍റെ വില 2,900 ഡോളറിന് താഴേക്ക് വന്നു. ഔണ്‍സിന് 2887.50 ഡോളരിലാണ് രാജ്യാന്തര സ്വര്‍ണ വില.
ഇതിനൊപ്പം ആഭ്യന്തര വിപണിയില്‍ രൂപയെ ശക്തമാക്കാന്‍ ബാങ്കുകളുടെ ഡോളര്‍ വിറ്റഴിച്ചുള്ള നടപടിയും സ്വര്‍ണ വിലയെ സ്വാധീനിച്ചു. ഡോളറിനെതിരെ രൂപ 27 പൈസ നേട്ടത്തില്‍ 86.52 നിലവാരത്തിലേക്ക് കയറി. ചൊവ്വാഴ്ച 66 പൈസ നേട്ടമുണ്ടാക്കി 86.79 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിങ്. തിങ്കളാഴ്ച യൂണിറ്റിന് 87.45 എന്ന സര്‍വകാല താഴ്ചയിലേക്ക് വീണശേഷമാണ് രൂപയുടെ തിരിച്ചുവരവ്. ഇതോടെ ഇറക്കുമതി ചെലവ് കുറഞ്ഞതും വിലയെ സ്വാധീനിച്ചു.
ഇനിയും വില കുതിക്കുമോ?
ട്രംപിന്റെ ഇറക്കുമതി ചുങ്കത്തിന്മേലാണ് സ്വര്‍ണം മുന്നേറ്റം തുടരുന്നത്. ഒടുവിലായി സ്റ്റീലിനും അലൂമിനിയത്തിനും 25 ശതമാനം താരിഫാണ് ട്രംപ് പ്രഖ്യാപിച്ചത്. മാര്‍ച്ച് മുതല്‍ ഇത് ഈടാക്കും. ഇത് വ്യാപാര യുദ്ധത്തിന് കാരണമാകുമെന്ന ആശങ്കയില്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് വര്‍ധിച്ചതാണ് ഇന്നലെ വില ഉയരാന്‍ കാരണം. ഈ ആശങ്ക ഒഴിയാത്തതിനാല്‍ സ്വര്‍ണ വില വരുന്ന മാസങ്ങളിലും മുന്നോട്ടേക്ക് തന്നെ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
യു.എസ് ഉത്പ്പന്നങ്ങള്‍ക്ക് നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെ നികുതി പ്രഖ്യാപിക്കുമെന്ന ട്രംപിന്‍റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതടക്കം വ്യാപാര യുദ്ധത്തിന്‍റെ ഭീഷണി സ്വര്‍ണത്തിന് മേല്‍ കറങ്ങുകയാണ്. ഉയര്‍ന്ന പലിശ, രാജ്യാന്തര വ്യാപാര യുദ്ധം അടക്കമുള്ള ഘടകങ്ങള്‍ ഓഹരി നിക്ഷേപകരെ അടക്കം ആശങ്കയിലാക്കുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം വര്‍ധിക്കും. ഇതിനൊപ്പം കേന്ദ്ര ബാങ്കുകള്‍ കരുതല്‍ നിക്ഷേപത്തിലേക്ക് സ്വര്‍ണം കൂടുതലായി കൂട്ടിച്ചേര്‍ക്കുന്നത് തുടരുന്നതും ഡിമാന്‍റ് ഉയര്‍ത്തുന്ന കാര്യമാണ്. ഇത് വിലയെ സ്വാധീനിക്കും.
അതേസമയം, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് മാത്രമാണ് സ്വര്‍ണ വിലയെ താഴേക്ക് എത്തിക്കുന്ന ഏക ഘടകം.
ഇനി എന്താകും പ്ലാന്‍
അടുത്ത മാസങ്ങളില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ജുവലറികളിലെ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിങ് സൗകര്യം പരിഗണിക്കാം. ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്വര്‍ണത്തിന്‍റെ അളവ് അനുസരിച്ച് നിശ്ചിത ശതമാനം അടച്ച് മുന്‍കൂര്‍ബുക്കിങ് നടത്താം. വില ഉയര്‍ന്നാലും ബുക്ക് ചെയ്ത വിലയില്‍ വാങ്ങാമെന്നതാണ് ഈ രീതിയുടെ ആകര്‍ഷണം.