റെക്കോര്‍ഡുകള്‍ തുടരെ മറികടന്ന് കേരളത്തിലെ സ്വര്‍ണ വില. ചൊവ്വാഴ്ച പവന് 640 രൂപ വര്‍ധിച്ച് 64,480 രൂപയിലാണ് വ്യാപാരം. ആദ്യമായാണ് സ്വര്‍ണ വില 64,000 രൂപ കടക്കുന്നത്. ഗ്രാമിന് ചരിത്രത്തിലാദ്യമായി 8,000 രൂപ ഭേദിച്ചു. 80 രൂപ കൂടി 8,060 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.
18 കാരറ്റ് സ്വര്‍ണം പവന് 528 രൂപയാണ് വര്‍ധിച്ചത്. 52,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 66 രൂപ വര്‍ധിച്ച് 6,595 രൂപയിലുമെത്തി.
പിന്നിട്ടത് വലിയ മുന്നേറ്റം
ഫെബ്രുവരിയില്‍ 11 ദിവസം പിന്നിടുമ്പോള്‍ 2,640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. മൂന്നാം തീയതി രേഖപ്പെടുത്തിയ 61,640 രൂപയാണ് ഏറ്റവും താഴ്ന്ന വില. 2025 ല്‍ മാത്രം 7,280 രൂപയുടെ വര്‍ധനയുമുണ്ടായി.
ഒരു പവന് ചെലവെത്ര?
സ്വര്‍ണ വില 64,480 രൂപയിലെത്തിയതോടെ പത്ത് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ 73,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം. 10 ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജിഎസ്ടി എന്നിവയടക്കം കേരളത്തില്‍ 73,110 രൂപ നല്‍കിയാലാണ് ഒരു പവന്‍ വാങ്ങാനവുക. ഗ്രാമിന് 9,138 രൂപ വേണം. ഒരു ലക്ഷം രൂപയ്ക്ക് 1.36 പവന്‍ ആഭരണമാണ് വാങ്ങാനവൂക. അഞ്ച് ലക്ഷം രൂപയുണ്ടെങ്കില്‍ ആറര പവനോളം വാങ്ങാനാകും.
വില വര്‍ധനവിന് കാരണം
ഇന്നലെയാണ് രാജ്യാന്തര വില ആദ്യമായി ഔണ്‍സിന് 2,900 ഡോളര്‍ ഭേദിച്ചത്. ഇറക്കുമതി ചുങ്കം സംബന്ധച്ച ട്രംപിന്‍റെ പുതിയ നിര്‍ദ്ദേശങ്ങളോട് നിക്ഷേപകര്‍ പ്രതികരിച്ചതാണ് സ്വര്‍ണ വില മുന്നേറാന്‍ കാരണം.
സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ ഇറക്കുമതിക്ക് 25 ശതമാനം നികുതിയാണ് ട്രംപ് ഏര്‍പ്പെടുത്തിയത്. പ്രതിസന്ധിയിലാകുന്ന വ്യവസായങ്ങളെ സഹായിക്കാനാണ് നീക്കമെങ്കിലും ഇത് വ്യാപാര യുദ്ധത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന വിലയിരുത്തലില്‍ സുരക്ഷിത നിക്ഷേപമെന്നനിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് ഉയരുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്.
രാജ്യാന്തര സ്വര്‍ണ വില, സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2,945 ഡോളറിലെത്തി റെക്കോര്‍ഡ് കുറിച്ചു. നിലവില്‍ 2919.90 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ട്രംപിന്‍റെ താരിഫ് ഭീഷണിയുടെ ഫലമായി ഈ വര്‍ഷം എട്ടു തവണയാണ് രാജ്യാന്തര സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ചത്.
വില ഇനി എങ്ങോട്ട്?
ഈ ആഴ്ച കൂടുതൽ താരിഫുകൾ പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസ് ചരക്കുകളും സേവനങ്ങളും നികുതി ഈടാക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഉടൻ നികുതി ചുമത്തുമെന്ന് ട്രംപിന്‍റെ നിലപാട്. അതിനാല്‍ തന്നെ സ്വര്‍ണ വില ഉടനെ താഴാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര സ്വര്‍ണ വില മുന്നേറ്റം തുടരുകയാണെങ്കില്‍, 2,950 ഡോളറിലേക്കും 2,940 ഡോളറിലേക്കും കുതിക്കുമെന്നാണ് വിലയിരുത്തല്‍. 2,886.60, 2,872.30 നിലവാരത്തിലാണ് സ്വര്‍ണത്തിന് പിന്തുണയുള്ളത്.