ചാഞ്ചാടി കേരളത്തിലെ സ്വര്‍ണ വില. രാവിലെ കൂടിയ സ്വര്‍ണ വില മണിക്കൂറുകള്‍ക്കകം കുറഞ്ഞു. ചൊവ്വാഴ്ച രാവിലെ പവന് 640 രൂപ വര്‍ധിച്ച് 64,480 രൂപയിലായിരുന്നു സ്വര്‍ണ വില. ഗ്രാമിന് 50 രൂപ കൂടി 8,060 രൂപയിലുമെത്തി. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം പവന് 400 രൂപ കുറഞ്ഞ് 64,080 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,010 രൂപയായി. ഫലത്തില്‍ 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപയും വര്‍ധിച്ചു.
Also Read: ട്രംപ് വടിയെടുത്തു; ഉയരത്തില്‍ നിന്ന് ഇറങ്ങാതെ സ്വര്‍ണ വില; കേരളത്തില്‍ പുതുചരിത്രം
ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതാണ് വില കുറയാന്‍ കാരണം. ഇന്നലെ ഡോളറിനെതിരെ 87.94 എന്ന നിലവാരത്തിലേക്ക് വീണ രൂപ ഇന്ന് കാര്യമായ മുന്നേറ്റമുണ്ടാക്കിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടത്തോടെ 86.63 നിലവാരത്തിലേക്ക് ഡോളര്‍ തിരിച്ചെത്തി. കറന്‍സിയുടെ മൂല്യം ഇടിയുന്നത് തടയാന്‍ വിപണിയില്‍ കേന്ദ്ര ബാങ്ക് നടത്തിയ ഇടപെടാലാണ് രൂപയ്ക്ക് കരുത്തായത്. ജനുവരി 31 ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഒരു ഡോളറിന് 86 എന്ന നിലവാരത്തിലേക്ക് എത്തുന്നത്. രൂപ കരുത്താര്‍ജിക്കുന്നത് ഇറക്കുമതി ചെലവ് കുറയ്ക്കുമെന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ സഹായിക്കും.
അതേസമയം രാജ്യാന്തര വില ഉയര്‍ന്ന് നില്‍ക്കുകയാണ്. രാജ്യാന്തര സ്വര്‍ണ വില, സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2,945 ഡോളറിലെത്തി റെക്കോര്‍ഡ് കുറിച്ച ശേഷം നിലവില്‍ 2919.90 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയാണ് രാജ്യാന്തര വില ആദ്യമായി ഔണ്‍സിന് 2,900 ഡോളര്‍ ഭേദിച്ചത്. ഇറക്കുമതി ചുങ്കം സംബന്ധച്ച ട്രംപിന്‍റെ പുതിയ നിര്‍ദ്ദേശങ്ങളോട് നിക്ഷേപകര്‍ പ്രതികരിച്ചതാണ് സ്വര്‍ണ വില മുന്നേറാന്‍ കാരണം.
സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ ഇറക്കുമതിക്ക് 25 ശതമാനം നികുതിയാണ് ട്രംപ് ഏര്‍പ്പെടുത്തിയത്. പ്രതിസന്ധിയിലാകുന്ന വ്യവസായങ്ങളെ സഹായിക്കാനാണ് നീക്കമെങ്കിലും ഇത് വ്യാപാര യുദ്ധത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന വിലയിരുത്തലില്‍ സുരക്ഷിത നിക്ഷേപമെന്നനിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് ഉയരുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ട്രംപിന്‍റെ താരിഫ് ഭീഷണിയുടെ ഫലമായി ഈ വര്‍ഷം എട്ടു തവണയാണ് രാജ്യാന്തര സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ചത്