social-card-ratio-website-1-

TOPICS COVERED

സ്വര്‍ണ വില ദിനംപ്രതി സര്‍വകാല റെക്കോര്‍ഡ് മറികടക്കുമ്പോള്‍ വിവാഹ ആവശ്യങ്ങള്‍ പോലെ വലിയ അളവ് സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് നെഞ്ചില്‍ തീയാണ്. പവന് 63,000 രൂപയും കടക്കുമ്പോള്‍ അഞ്ച് പവന്‍റെ ആഭരണം വാങ്ങാന്‍ മാത്രം 3.50 ലക്ഷത്തിന് അടുത്ത് ചെലവ് വരും. സ്വര്‍ണ വില ഉയരുന്ന ഈ സാഹചര്യത്തില്‍ പവന് 10,000 രൂപയോളം ലാഭമുണ്ടാക്കിയലോ? 18 കാരറ്റ് സ്വര്‍ണാഭരണങ്ങളിലേക്ക് മാറുകയാണ് മലയാളിയും. 

എന്താണ് 18 കാരറ്റ് 

പൊതുവെ ആഭരണങ്ങള്‍ക്ക് 22 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത്. അതായത് 91.6 ശതമാനം ശുദ്ധമായ സ്വര്‍ണമായിരിക്കും. 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനമായിരിക്കും ശുദ്ധമായ സ്വർണത്തിന്‍റെ സാന്നിധ്യം. ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി മുതലായ ലോഹങ്ങളായിരിക്കും. സ്വര്‍ണത്തിന്‍റെ അളവ് കുറയുന്നതിനാല്‍ വിലയിലും കുറവ് വരും. 

Also Read: ബജറ്റിന് ശേഷം ഇരട്ടി ആശ്വാസം; പലിശയില്‍ കാല്‍ ശതമാനം ഇളവ്; ഇഎംഐ കുറയും

വില വ്യത്യാസം

22 കാരറ്റ് സ്വര്‍ണത്തിന് പവന് 120 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. 63,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,945 രൂപയിലുമെത്തി. കേരളത്തിലെ പുതിയ റെക്കോര്‍ഡാണ് ഈ വില. 18 കാരറ്റ് ഒരു പവന് 80 രൂപ വര്‍ധിച്ച് 52,008 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,501 രൂപയിലുമെത്തി. 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 11,552 രൂപയുടെ വ്യത്യാസമുണ്ട്. 

മൊത്തത്തില്‍ വില കുറയും

വിലയില്‍ ലാഭമുള്ളതിനാല്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ മൊത്തത്തില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും. സ്വർണ വിലയുടെ ശതമാനക്കണക്കിലാണ് പണിക്കൂലി ഈടാക്കുക. സ്വർണത്തിന്‍റെ വിലയും പണിക്കൂലിയും അടക്കമുള്ള തുകയിലാണ് ജിഎസ്ടി ഈടാക്കുന്നത്. സ്വർണത്തിന്‍റെ വില കുറയുന്നതിനാല്‍ മൊത്തവിലയില്‍ ഗണ്യമായ ലാഭം കിട്ടും. 

Also Read: ഈ സ്വര്‍ണാഭരണങ്ങള്‍ക്ക് വില കുറയും; ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചു

ഡിമാന്‍റ് ഉയര്‍ന്നു 

22 കാരറ്റിനേക്കാള്‍ മികച്ച ഡിസൈനുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്നത് 18 കാരറ്റിലാണ്. 18 കാരറ്റിൽ 25 ശതമാനം മറ്റു ലോഹങ്ങളുള്ളതിനാൽ ആഭരണം കൂടുതൽ ശക്തമായിരിക്കും. പെട്ടെന്നൊന്നും മോശമാകില്ല. സങ്കീര്‍ണമായ ഡിസൈനുകളും നിര്‍മിക്കാനാകും. 

2024 ല്‍ 18 കാരറ്റ് സ്വര്‍ണാഭരണളുടെ ഉപയോഗത്തില്‍ വലിയ വര്‍ധന ഉണ്ടായി. 225 ടണ്‍ 18 കാരറ്റ് സ്വര്‍ണാഭരണളാണ് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം വിറ്റത്. 2023 ലെ 180 ടണ്ണിനെ അപേക്ഷിച്ച് 25 ശതമാനത്തിന്‍റെ വര്‍ധനയാണിത്. സാധാരണയായി വര്‍ഷത്തില്‍ 500-550 ടണ്ണിന്‍റെ വാര്‍ഷിക ഉപയോഗമാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ കാര്യത്തിലുണ്ടാകാറുള്ളത്. ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള ദക്ഷിണേന്ത്യയിലും ഇതേ ട്രെന്‍ഡാണ്. 

ENGLISH SUMMARY:

As gold prices soar past Rs 63,000 per pavan, buyers in Kerala are switching to 18K gold jewellery to save over Rs 10,000 per pavan. With increased durability and better design options, 18K gold is gaining popularity. Read more on gold price trends.